കണ്ണൂര്‍: കരിപ്പൂര്‍ വിമാനാപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നാട്ടുകാരുള്‍പ്പെടെ എല്ലാവര്‍ക്കും നന്ദിയറിയിച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോചിതമായ ഇടപെടലാണ് എല്ലാവരുടേയും ഭാഗത്ത് നിന്നുണ്ടായത്. ദുരന്തത്തിന്‍റെ ആഴം കുറച്ചത് ജനങ്ങളുടെ നല്ല മനസ് ഒന്നുകൊണ്ട് മാത്രമാണെന്നും മന്ത്രി ഫേയ്‌സ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
നാട്ടുകാര്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പൊലീസ്, ഫയര്‍ഫോഴ്‌സ്, സുരക്ഷാ ജീവനക്കാര്‍, ആംബുലന്‍സ് പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായാണ് ദുരന്ത മുഖത്ത് പ്രവര്‍ത്തിച്ചത്. പെട്ടന്നുണ്ടായ ദുരന്തത്തിന്‍റെ നടുക്കത്തില്‍ പലരും കൊവിഡ് പ്രോട്ടോകോള്‍ പോലും പാലിക്കാന്‍ സാധിക്കാതെയാണ് ദുരന്തമുഖത്തേക്കിറങ്ങിയത്. പരമാവധി ആള്‍ക്കാരെ രക്ഷിക്കാനും സാധിച്ചു. അതേസമയം കണ്ടെയ്ന്‍മെന്‍റ് സോണായ എയര്‍പോര്‍ട്ട് പരിസരത്ത് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ എല്ലാവരും സ്വരക്ഷക്കും നാടിന്‍റെ സുരക്ഷക്കും വേണ്ടി ജാഗ്രത പാലിക്കണമെന്നും കെകെ ശൈലജ ആവശ്യപ്പെട്ടു.