കണ്ണൂര്‍: തളിപ്പറമ്പ് കപ്പാലം മുതൽ മന്ന സിഗ്നൽ വരെയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് മൂന്നു മാസമായിട്ടും ശരിയാക്കിയില്ലെന്ന് ആക്ഷേപം. റോഡിന്‍റെ തകർച്ച യാത്രക്കാരുടെ നടുവൊടിക്കുകയാണ്. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള വഴി കൂടിയായ റോഡ് നന്നാക്കാൻ കരാറുകാരൻ തയ്യാറാവാത്തതാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണം. ചിറവക്ക് മുതൽ ചൊറുക്കള വരെ റോഡ് വീതി കൂട്ടി ടാർ ചെയ്യുമെന്ന പ്രഖ്യാപനത്തിന് രണ്ടര വർഷത്തെ പഴക്കമുണ്ട്. ചൊറുക്കള മുതൽ കരിമ്പം വരെയും ചിറവക്ക് മുതൽ കപ്പാലം വരെയും ഇത് പ്രാവർത്തികമാക്കുകയും ചെയ്തു.
എന്നാൽ, ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നു പോവുന്ന കപ്പാലം മുതൽ മന്ന സിഗ്നൽ വരെയുള്ള ഭാഗത്ത് ഒരു പ്രവൃത്തിയും നടത്തിയില്ല. മഴക്കാലത്ത് വെള്ളം ഒലിച്ചിറങ്ങി ഈ ഭാഗത്ത് റോഡ് പൂർണ്ണമായും പൊട്ടിപ്പൊളിഞ്ഞു. വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു. ഇരുചക്രവാഹനങ്ങൾ ഇതിൽ വീണ് അപകടത്തിൽ പെടുന്നതും പതിവായി. മന്നയിലെയും കരിമ്പത്തെയും ആശുപത്രികളിലേക്കുള്ളവരുമായി ഓട്ടോറിക്ഷകൾ പോകുന്ന വഴിയാണിത്. റോഡ് മോശമായതോടെ ഇതുവഴിയുള്ള യാത്രക്ക് വാഹന ഡ്രൈവര്‍മാര്‍ വരാതായിട്ടുണ്ട്. ഒരു കിലോ മീറ്ററോളം മാത്രമുള്ള ഈ ഭാഗം എത്രയും പെട്ടെന്ന് ടാർ ചെയ്യണമെന്നാണ് ഓട്ടോ ഡ്രൈവർമാർ അടക്കമുള്ളവരുടെ ആവശ്യം.