കണ്ണൂര്‍: കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ സിംഗിൾ ബെഞ്ച് വിധിയ്ക്കെതിരെ
പ്രിയ വർഗീസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുൻപാകെ അപ്പീൽ സമർപ്പിച്ചു. തന്നെ അയോഗ്യയാക്കിയ സിംഗിൾ ബെഞ്ച് വിധി നിയമപരമല്ലെന്നാണ് പ്രിയ വർഗീസിന്‍റെ വാദം. കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ വേണ്ട യോഗ്യത പ്രിയ വര്‍ഗീസിനില്ലെന്നും നിയമന പട്ടിക പുനഃപരിശോധിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യണമെന്നുമായിരുന്നു ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ വിധി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ രാജ്യസഭ എം.പിയുമായ കെ.കെ രാഗേഷിന്‍റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്. അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിൽ അപേക്ഷിക്കാൻ യുജിസി മാനദണ്ഡപ്രകാരം കുറഞ്ഞത് എട്ട് വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടാകണമെന്നാണ് ചട്ടം. എന്നാൽ ചട്ടപ്രകാരമുള്ള അധ്യാപന പരിചയം പ്രിയ വർഗീസിനില്ലെന്നായിരുന്നു സിംഗിൾ ബഞ്ചിന്‍റെ കണ്ടെത്തൽ.
പ്രിയ വര്‍ഗീസ് അവകാശപ്പെടുന്ന യോഗ്യതകളെല്ലാം അക്കാദമികമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഗവേഷണ കാലമോ, സ്റ്റുഡന്റ്‌സ് ഡയറക്ടറായി ഡപ്യൂട്ടേഷനില്‍ പോയതോ, നാഷണല്‍ സര്‍വിസ് സ്‌കീമിന്‍റെ കോ-ഓര്‍ഡിനേറ്ററുടെ അധിക ചുമതല വഹിച്ചിരുന്നതോ പ്രിയ വര്‍ഗീസിന്‍റെ അധ്യാപക പരിചയമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക്ലിസ്റ്റിലെ രണ്ടാം റാങ്കുകാരന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു പട്ടിക പുനഃപരിശോധിക്കാനുള്ള സിംഗിള്‍ ബഞ്ചിന്‍റെ ഉത്തരവ്.