കണ്ണൂര്‍: മീൻ വളർത്താം രുചി അറിയാം എന്ന ഉദ്ദേശ്യത്തോടെയുള്ള ടേസ്‌റ്റ് ഓഫ് ഇൻലാന്‍റ് എന്ന പിരിപാടിക്ക് തുടക്കമായി. കണ്ണൂര്‍ പെരളശേരി ഗ്രാമ പഞ്ചായത്തിന്‍റെയും, ഫിഷറീസ് വിഭാഗ സുഭിക്ഷ കേരളം പദ്ധതിയുടെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വളർത്തു മത്സ്യങ്ങൾ ആവശ്യക്കാർക്ക് വിതരണം ചെയ്യുമ്പോൾ രുചിക്കുറവുണ്ടാകുന്നു എന്ന പരാതിയെ തുടർന്നാണ് പരിപാടി വിഭാവനം ചെയ്‌തത്.
വാള, തിലോപ്പിയ, വാളാഞ്ചി, കരിമീൻ തുടങ്ങിയ മത്സ്യങ്ങളാണ് പ്രധാനമായും മത്സ്യകൃഷിക്ക് ഉപയോഗിക്കുക. എന്നാൽ തിലോപ്പിയ മത്സ്യങ്ങൾ രുചിയില്ലെന്ന കാരണത്താൽ ആവശ്യക്കാർ നിരസിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആവശ്യക്കാർക്ക് മുന്നിൽ മത്സ്യം മുറിച്ച് ചേരുവകൾ ചേർത്ത് കറി വയ്ക്കുന്ന രീതിയും പരിപാടിയിലൂടെ പരിചയപെടുത്തുന്നു.
കപ്പയും മത്സ്യവും വിഭവങ്ങളാക്കി ആവശ്യക്കാർക്ക് മുന്നിൽ എത്തിക്കും. കപ്പയ്ക്ക് 20 രൂപയും മീൻ കറി, തിലോപ്പിയ ഫ്രൈ എന്നിവയ്ക്ക് 50 രൂപയുമാണ് ഈടാക്കുന്നത്. അടുത്തഘട്ടത്തിൽ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പരിപാടി വ്യാപിപ്പിക്കാനാണ് പഞ്ചായത്തിൻന്‍റെയും ഫിഷറീസ് വകുപ്പിന്‍റെയും തീരുമാനം.