കണ്ണൂർ: വയോജനങ്ങൾക്കായി കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ മുയ്യത്ത് തോടരികിൽ നിർമിച്ച പാർക്കിലെ വെള്ളക്കെട്ടൊഴിവാക്കാനുള്ള പ്രവൃത്തികളാരംഭിച്ചു. പാർക്കിലെ കെട്ടിടത്തിന് ചുറ്റും മണ്ണിട്ടുയർത്തിയാണ് മഴവെള്ളം കയറാതെ സംരക്ഷിക്കുന്നത്. 2017-18 കാലത്ത് നിർമിച്ച പാർക്കിൽ മഴക്കാലത്തെ വെള്ളക്കെട്ടും കെട്ടിടനിർമാണത്തിലെ അപാകതയും കാരണം ഒരുതവണ പോലും ഒത്തുകൂടാൻ വയോജനങ്ങളെത്തിയിരുന്നില്ല.
Also Read: വിശ്വകർമ ശ്‌മശാനത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം
നിർമാണത്തിലെ അപാകത കാരണം പഞ്ചായത്ത് അധികൃതർ ഏറെ പഴികേൾക്കേണ്ടിവന്ന പദ്ധതിയാണ് മുയ്യത്തെ വയോജന പാർക്ക്. കെട്ടിടം പണിതതിലുൾപ്പെടെ അഴിമതിയുണ്ടെന്ന ആരോപണവുമുണ്ടായതിനെ തുടർന്ന് വിജിലൻസും അന്വേഷണത്തിനെത്തിയിരുന്നു. പഞ്ചായത്ത് അധികൃതരുടെ വിശദീകരണത്തോടെ നടപടികളൊന്നുമില്ലാതെ വിജിലൻസ് സംഘം അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
Also Read: ഒറ്റമര വേരിൽ ശില്‍പ്പം ; 14 രൂപങ്ങളൊരുക്കി സതീശന്‍
വെള്ളം കയറാതെ സ്ഥലം ഉയർത്തി പാർക്കിൽ വയോജനങ്ങൾക്കിരിക്കാൻ പുതിയ ഇരിപ്പിടങ്ങൾ നിർമിക്കാനും തീരുമാനമുണ്ട്. പ്രവൃത്തിയുടെ രണ്ടാംഘട്ടത്തിന് തുടക്കമിട്ടാണ് വെള്ളം കെട്ടിനിൽക്കുന്ന ഭാഗം മണ്ണിട്ടുയർത്തിയത്. കൂടുതൽ ഭംഗിവരുത്തി അടുത്ത വർഷത്തോടെയെങ്കിലും പാർക്ക് വയോജന സമിതിക്ക് വിട്ടുനൽകാനാണ് പഞ്ചായത്തിന്‍റെ നീക്കം.