കണ്ണൂർ: വടക്കേ മലബാറിലെ ഹൈന്ദവ വിശ്വാസികളുടെ ഇഷ്‌ടദേവനാണ് മുത്തപ്പന്‍. കണ്ണൂരിലെ വിവിധ റെയില്‍വേ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമീപത്തായി മടപ്പുരകള്‍ എന്നറിയപ്പെടുന്ന നിരവധി മുത്തപ്പന്‍ ക്ഷേത്രങ്ങള്‍ സ്ഥതിചെയ്യുന്നുണ്ട്. ദീര്‍ഘ ദൂരത്തുനിന്നുള്ള വിശ്വാസികളും ഒപ്പം റെയിൽവേ യാത്രക്കാരും ജീവനക്കാരുമെല്ലാം ഇവിടെ തൊഴാനായി എത്താറുണ്ട്. എന്നാല്‍, ഇവര്‍ക്കെല്ലാം നിരാശയുണ്ടാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഈ ക്ഷേത്രങ്ങൾ നിലവില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നു എന്നതാണ് ആ വാര്‍ത്ത. റെയിൽവേയുടെ കൈവശമുള്ള സ്ഥലത്തെ കടന്നുകയറ്റം ഒഴിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. കണ്ണൂർ സെക്ഷൻ പരിധിയിലുള്ള എടക്കാട്, പാപ്പിനിശേരി, പഴയങ്ങാടി സ്റ്റേഷനുകളിലെ മുത്തപ്പൻ മടപ്പുരകൾക്കാണ് റെയിൽവേ നിർദേശം. കെട്ടിടം ഒഴിയണമെന്ന് കാണിച്ച് മൂന്ന് ക്ഷേത്രങ്ങൾക്കും റെയിൽവേ നോട്ടിസ് നൽകി.
അടുത്തഘട്ടത്തിൽ കണ്ണപുരവും: കണ്ണൂർ സെക്ഷൻ പരിധിയിലെ പഴയങ്ങാടി മുത്തപ്പൻ മടപ്പുരയിലാണ് ആദ്യം നോട്ടിസ് പതിച്ചത്. 15 ദിവസത്തിനുള്ളിൽ കെട്ടിടം ഒഴിയണമെന്നാണ് പാലക്കാട് ഡിവിഷൻ്റെ നിർദേശം. അടുത്തഘട്ടത്തിൽ കണ്ണപുരം ഉൾപ്പെടെയുള്ള സ്റ്റേഷനുകൾ പട്ടികയിലുണ്ട്. എൻജിനീയറിങ് വിഭാഗമാണ് നോട്ടിസ് നൽകിയത്. റെയിൽവേ സ്ഥലത്തുള്ള വഴി, കെട്ടിടം, ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള കടന്നുകയറ്റം ഒഴിവാക്കാനുള്ള നീക്കത്തിലാണ് മുത്തപ്പൻ ക്ഷേത്രങ്ങളും ഉൾപ്പെട്ടത്.
രേഖകൾ ഹാജരാക്കാൻ രണ്ടുതവണ ക്ഷേത്രം നടത്തിപ്പുകാർക്ക് നോട്ടിസ് നൽകിയെങ്കിലും അവ ഹാജരാക്കിയില്ലെന്ന കാരണത്താലാണ് മൂന്ന് ക്ഷേത്രങ്ങൾക്കും ഈ നിർദേശം നൽകിയത്. എന്നാൽ, നോട്ടിസ് പതിച്ചതോടെ വിശ്വാസികള്‍ക്കൊപ്പം തന്നെ ആശങ്കയിലാണ് ക്ഷേത്രത്തിലെ ശാന്തിമാരും. ജീവനക്കാര്‍ക്ക് വേതനം പങ്കിട്ടെടുക്കാനുള്ള വരുമാനം പോലും മടപ്പുരകളില്‍ നിന്നും ഉണ്ടാകാറില്ല. എങ്കിലും, വർഷങ്ങളായി ആരാധിച്ചുവരുന്ന ദേവ പ്രതിഷ്‌ഠ നിലനിർത്തുക എന്നതാണ് ആഗ്രഹമെന്ന് മുഖ്യ നടത്തിപ്പുകാരിലൊരാളായ ഇ.കെ വിജയൻ പറയുന്നു.
മടപ്പുരകള്‍ സ്ഥാപിച്ചത് റെയില്‍വേ ജീവനക്കാര്‍: അതത് സ്റ്റേഷൻമാസ്റ്ററുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പല സ്റ്റേഷനുകളിലെയും ഈ മടപ്പുരകളുടെ നടത്തിപ്പ് ചുമതല. കണ്ണൂരിൽ സ്റ്റേഷൻ മാസ്റ്റർ ആണ് രക്ഷാധികാരി. ചിലയിടങ്ങളിൽ നാട്ടുകാർ ഉൾപ്പെടെയുള്ള കമ്മിറ്റിയാണ് നടത്തുന്നത്. റെയിൽവേ ജീവനക്കാരായിരുന്ന ഹൈന്ദവ വിശ്വാസികള്‍ ആദ്യം സ്ഥാപിച്ച മുത്തപ്പൻ ക്ഷേത്രമാണ് കണ്ണൂരിലേത്. ഇവിടെ, എല്ലാ വെള്ളിയാഴ്‌ചകളിലും അന്നദാനം ഉണ്ടാവാറുണ്ട്.
മലബാറിലെ റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാർഥന നിറവേറ്റിയതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ഭരണകാലത്താണ് മുത്തപ്പൻ ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നത്. മടപ്പുരകളുടെ സംരക്ഷണത്തിനായി അധികൃതരുടെ ഇടപെടലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍.