കണ്ണൂര്‍ : തലശേരി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ദമ്പതികള്‍. മേഘ, പ്രത്യുഷ് എന്നിവരാണ് ഇതുസംബന്ധിച്ച ആരോപണവുമായി രംഗത്തെത്തിയത്. സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിച്ച് പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ഇവര്‍ പറയുന്നു.
രാത്രി കടല്‍പ്പാലം കാണാന്‍ പോയതിന് പിന്നാലെയാണ് പൊലീസില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്നാണ് പരാതി. അതേസമയം, പൊലീസിനെ ആക്രമിച്ചെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും ആരോപിച്ച് ദമ്പതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസിനെ ആക്രമിച്ചെന്ന കേസില്‍ പ്രത്യുഷ് റിമാന്‍ഡിലാണ്.
സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണര്‍ ഉത്തരവിട്ടു. തലശേരി ഇന്‍സ്‌പെക്‌ടര്‍ക്കും എസ്.ഐയ്ക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനാണ് നിര്‍ദേശം. ഇരുവര്‍ക്കുമെതിരായ ആരോപണം തലശേരി എ.സി.പിയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയും പ്രത്യേകം അന്വേഷിക്കും.
സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളും വൂണ്ട് സര്‍ട്ടിഫിക്കറ്റും പരിശോധിക്കാനും കമ്മിഷണര്‍ ആര്‍ ഇളങ്കോ നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടി ഉണ്ടാകുമെന്ന് കമ്മിഷണര്‍ വ്യക്തമാക്കി.