കണ്ണൂർ: ലോക്ക് ഡൗണ്‍ പ്രതിസന്ധിയില്‍ നവവധുവിന് വിവാഹ മോതിരമെത്തിച്ച് അഗ്നിരക്ഷാ സേന. ഇന്ന് വിവാഹിതരായ കണ്ണൂർ ഇരിട്ടിയിലെ നവദമ്പതികൾക്കാണ് അഗ്നിരക്ഷാ സേന വിവാഹ മോതിരമെത്തിച്ചു നൽകിയത്. ഇരിട്ടി കരിക്കോട്ടക്കരിയിലെ ഇമ്മാനുവേൽ-ലില്ലി ദമ്പതികളുടെ മകൾ മറിയ ഇമ്മാനുവേലും ചെങ്ങോത്തെ ജോസ്-മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോമിനും തമ്മിലുള്ള വിവാഹമാണ് നടന്നത്. ഏപ്രിൽ 16നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മുംബൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ജോമിൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഉടനെ തന്നെ നാട്ടിലെത്തിയെങ്കിലും മറ്റൊരു സംസ്ഥാനത്ത് നിന്നുമെത്തിയതിനാൽ നിരീക്ഷണത്തിൽ കഴിയേണ്ടി വന്നു. അതിനാൽ തന്നെ വിവാഹം മെയ് ഏഴിലേക്ക് മാറ്റിവെക്കേണ്ടി വന്നു. ഇതിനിടയിൽ വിവാഹ സമയത്ത് കൈമാറേണ്ട രണ്ട് പേരുടെയും മോതിരം ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പേ കണ്ണൂരിലെ ജ്വല്ലറിയില്‍ ബുക്ക് ചെയ്‌തിരുന്നു.
കണ്ണൂർ ജില്ല റെഡ് സോണായി പ്രഖ്യാപിച്ചതും ലോക്ക് ഡൗൺ മൂലമുള്ള യാത്രാ പ്രതിസന്ധിയും നിലനിൽക്കുന്നതിനാൽ മോതിരമില്ലാതെ വിവാഹം നടത്തിയാലോയെന്ന് വീട്ടുകാർ ആലോചിക്കുന്നതിനിടെയാണ് ഇരിട്ടിയിലെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. തുടര്‍ന്ന് അസി.സ്റ്റേഷൻ ഓഫീസർ ടി.മോഹനൻ, മറ്റ് ഉദ്യോഗസ്ഥരായ ബെന്നി ദേവസ്യ, വി.രാജൻ എന്നിവരുടെ നേതൃത്വത്തിൽ രാത്രി എട്ട് മണിയോടെ വധു മറിയ ഇമ്മാനുവലിന് കരിക്കോട്ടക്കരിയിലെ വീട്ടിലെത്തി മോതിരം കൈമാറുകയായിരുന്നു.