കണ്ണൂർ: ജില്ലയിലെ അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. മൂന്ന് പേരില്‍ നിന്നായി 72 ലക്ഷം വിലവരുന്ന 1,525 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷാക്കിര്‍, ഇബ്രാഹിം ബാദുഷ, തലശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനു എന്നിവര്‍ക്ക് എതിരെയാണ് കസ്റ്റംസ് നടപടി.
മസ്‌ക്കറ്റിൽ നിന്ന് എത്തിയ തലശ്ശേരി സ്വദേശി മുഹമ്മദ് ഷാനുവിൽ നിന്ന് 430 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. കളിപ്പാട്ടങ്ങൾക്കും കോൺഫ്ലെക്‌സ് പാക്കറ്റുകൾക്കും ഇടയിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. അബുദാബിയിൽ നിന്ന് എത്തിയ കാസർകോട് സ്വദേശി മുഹമ്മദ് ഷക്കീര്‍ 745 ഗ്രാം സ്വർണവും കടത്താൻ ശ്രമിച്ചു.
അബുദാബിയിൽ നിന്ന് എത്തിയ മറ്റൊരു കാസർകോട് സ്വദേശിയായ ഇബ്രാഹിം ബാദുഷയിൽ നിന്ന് 350 ഗ്രാം സ്വർണവും പിടികൂടി. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണര്‍ ടി.എം മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ എന്‍.സി പ്രശാന്ത്, കെ ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.