കണ്ണൂർ : സംരക്ഷണമില്ലാതെ നശിക്കുകയാണ് കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ ഏറ്റുകുടുക്കയിലുളള ശിലാചിത്രങ്ങൾ. ചെങ്കൽപ്പാറയിൽ വരച്ച ഈ ചിത്രങ്ങൾക്ക് മൂവായിരം വർഷത്തോളം പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ ഇവ കാടുമൂടി നശിക്കുന്ന സ്ഥിതിയാണുള്ളത്.
പയ്യന്നൂർ - ചീമേനി റൂട്ടിൽ ഏറ്റുകുടക്ക ഖാദി കേന്ദ്രത്തിന് സമീപമുളള പഞ്ചായത്ത് റോഡിനോട് ചേർന്ന് ചെങ്കൽപ്പാറയിൽ ഒരു ശിലാചിത്രമുണ്ട്. എതാനും കാളകളും ഒരു മനുഷ്യനുമുൾപ്പെടുന്ന ഈ മനോഹര ചിത്രം ആദിമ കാർഷിക സംസ്‌കൃതിയിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
വർഷങ്ങൾക്ക് മുമ്പ് റോഡ് നിർമാണത്തിൻ്റെ ഭാഗമായി പാറച്ചിത്രങ്ങൾക്ക് മേൽ മണ്ണ് നിക്ഷേപിച്ചിരുന്നു. സംഭവം വിവാദമായതോടെ മണ്ണ് നീക്കം ചെയ്‌ത് റോഡ് അല്‍പം വളച്ചു. പക്ഷേ ശിലാചിത്രങ്ങളുടെ സംരക്ഷണത്തിന് ഒരു നടപടിയും ആരും കൈക്കൊണ്ടില്ല.
ചിത്രങ്ങളുടെ മിക്ക ഭാഗങ്ങളും പായലും പുല്ലും കയറി മൂടിയ നിലയിലാണ്. ഇവിടെ നിന്നും നൂറ് മീറ്റർ മാത്രം അകലെ ഒരു ജൂതക്കുളമുണ്ട്, ഈ കുളവും കാടുകയറി നാശത്തിൻ്റെ വക്കിലാണ്. ചരിത്രാന്വേഷകർക്കും വിദ്യാർഥികൾക്കുമെല്ലാം സന്ദർശിക്കാവുന്ന ഒരിടമായി മാറ്റേണ്ടതാണ് എറ്റുകുടുക്കയിലെ ശിലാചിത്രങ്ങളും ജൂതക്കുളവും.
പക്ഷേ അധികൃതരിൽ നിന്നും യാതൊരു നീക്കങ്ങളും ഇതിനായി ഉണ്ടാകുന്നില്ല. ഇവിടെ അവഗണിക്കപ്പെടുന്നത് കേവലം ഒരു ചിത്രം മാത്രമല്ല, മനുഷ്യൻ്റെ ആദിമ ചരിത്രത്തിലേക്കുള്ള സൂചനാമുദ്രകളാണ്.