കണ്ണൂർ: പരിയാരം ഗവൺമെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജൂലൈ പത്തിന് ശേഷം എത്തിയവർ ക്വാറന്‍റൈനില്‍ പോകണമെന്ന പ്രചാരണമെന്ന് വ്യാജമാണെന്ന് കണ്ണൂർ ഗവൺമെന്‍റ് മെഡിക്കല്‍ കോളജ് അധികൃതർ അറിയിച്ചു. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളിൽ ജനങ്ങൾ വഞ്ചിതരാവരുതെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.കെ സുദീപ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ജൂലൈ 10ന് ശേഷം എത്തിയവർ റിപ്പോർട്ട് ചെയ്യണമെന്നും ക്വാറന്‍റൈനിൽ പോകണമെന്നുമായിരുന്നു പ്രചാരണം. സോഷ്യൽ മീഡിയയിലൂടെയാണ് വ്യാജ പ്രചരണം നടത്തിയത്.
ഇത്തരമൊരു തീരുമാനം മെഡിക്കൽ കോളജിലെ കൊവിഡ് സെല്‍ യോഗമോ മെഡിക്കൽ ബോർഡ് യോഗമോ ശനിയാഴ്ച വരെ എടുത്തിട്ടില്ല. കൊവിഡ് അതിവ്യാപനം പ്രതിരോധിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണം. എന്നാൽ വ്യാജ പ്രചരണം നടത്തി പരിഭ്രാന്ത്രി സൃഷ്ടിക്കുന്നത് സാമൂഹ്യ വിരുദ്ധ പ്രവൃത്തിയാണ്. കൊവിഡ് അതിവ്യാപന പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകരും നാടും മുഴുകിയിരിക്കുമ്പോഴാണ് ഇത്തരം വ്യാജ പ്രചരണം വഴി തെറ്റിദ്ധാരണ പരത്തുന്നത്.
ആരോഗ്യ പ്രവർത്തകരുടെ കുടുംബാംഗങ്ങളും പൊതുജനങ്ങളും ആശങ്കയിലാകാനും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനും ഇത് ഇടയാക്കും. കൊവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വസ്തുതയല്ലാത്ത കാര്യങ്ങളും സംശയങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതിൽ നിന്നും ആളുകൾ പിന്മാറണമെന്നും കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് വാർത്താ കുറിപ്പിൽ അറിയിച്ചു.