കണ്ണൂർ: കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത് മുതല്‍ തെരുവിൽ അലയുന്നവരിൽ പലരും പട്ടിണിയിലാണ്. ആരെങ്കിലും എത്തിച്ചു നല്‍കുന്ന ഭക്ഷണമാണ് ഇവരുടെ ഏക ആശ്രയം എന്നാല്‍ സമ്പൂർണ്ണ അടച്ചിടലില്‍ ഇതും മുടങ്ങി. നഗരത്തിൽ അലയുന്നവരെയും കടത്തിണ്ണയിലും മറ്റും കഴിയുന്നവരെയും പുനരധിവസിപ്പിക്കുകയാണ് കണ്ണൂർ കോർപ്പറേഷന്‍.
പൊലീസുമായി സഹകരിച്ചാണ് കോര്‍പറേഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. പയ്യാമ്പലം ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍, ഗവണ്‍മെന്‍റ് ടിടിഐ എന്നിവിടങ്ങളിലാണ് ഇവരെ പാർപ്പിക്കുന്നത്. ഇവര്‍ക്കാവശ്യമുള്ള ഭക്ഷണവും മറ്റാവശ്യ സാധനങ്ങളും കോര്‍പ്പറേഷന്‍റെ നേത്യത്വത്തില്‍ എത്തിച്ചു നല്‍കും.കൊവിഡ് മഹാമാരി പടരുമ്പോഴും മാസ്‌ക് പോലുമിടാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് പലരെയും കണ്ടെത്തിയത്.
കൊവിഡ് പരിശോധന ഫലം പോസിറ്റീവായവരെയും നെഗറ്റീവായവരെയും വ്യത്യസ്ത സ്ഥലങ്ങളിലാണ് താമസിപ്പിക്കുന്നത്. ഇവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡോക്ടറുടെ സഹായവും ഏര്‍പ്പെടുത്തി. വയോധികർ, ഇതര സംസ്ഥാനക്കാർ, കുടുംബം ഉപേക്ഷിക്കപ്പെട്ടവർ, അംഗവൈകല്യമുള്ളവർ, മാനസിക വെല്ലുവിളികള്‍ നേരിടുന്നവർ ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് ജൂബിലി ഹാളില്‍ ഇവര്‍ക്ക് രണ്ട് മാസത്തോളം താമസവും ഭക്ഷണസൗകര്യവും ഒരുക്കിയിരുന്നു.