കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ മുഖ്യ പ്രതി നിസാം അറസ്റ്റിൽ. തെക്കി ബസാർ സ്വദേശിയായ നിസാമിനെ മംഗലാപുരത്ത് നിന്നാണ് പിടികൂടിയത്. കേസിൽ ദമ്പതികളായ ബൾക്കീസ് - അഫ്‌സല്‍ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതിൽ ബൾക്കീസിൻ്റെ അടുത്ത ബന്ധുവാണ് ഇന്ന് പിടിയിലായ നിസാം.
മാർച്ച് ഏഴിനാണ് കണ്ണൂരിലെ പാർസൽ ഓഫീസിൽ ടെക്സ്റ്റയിൽസിൻ്റെ പേരിൽ ബംഗളൂരുവിൽ നിന്ന് 2 കിലോ വരുന്ന എംഡിഎംഎ, ഓപിയം അടക്കമുള്ള ലഹരി വസ്തുക്കൾ കൈപ്പറ്റാൻ എത്തിയ ബൾക്കീസും അഫ്‌സലും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നിസാമിൻ്റെ പങ്കാളിത്തം വ്യക്തമായത്. ബൾക്കീസ് നൽകിയ മൊഴിയെ തുടർന്ന് കണ്ണൂർ നഗരത്തിലെ വസ്ത്രകട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്ക് മരുന്ന് ശേഖര കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാരക ലഹരി മരുന്ന് കണ്ടെത്തിയിരുന്നു.
also read: ഐപിഎൽ ടീം ബസുകള്‍ക്ക് നേരെ മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ആക്രമണം; അഞ്ച് പേര്‍ പിടിയില്‍
തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഇവരുടെ അന്വേഷണത്തിലാണ് നിസാം പിടിയിലായത്.