കണ്ണൂർ: ലോക്ക് ഡൗണിനിടയില്‍ സമയം ചെലവഴിക്കാൻ വ്യത്യസ്ത വഴികളാണ് പലരും കണ്ടെത്തിയത്. തളിപ്പറമ്പ് കുറ്റ്യേരി ചാത്തോത്ത് വീട്ടില്‍ സന്തോഷ് ഒഴിവ് സമയം ചെലവഴിക്കാൻ കണ്ടെത്തിയ മാർഗമാണ് അലങ്കാര മത്സ്യ കൃഷി.
പരിയാരം മെഡിക്കല്‍ കോളജില്‍ പേ വാർഡ് ജീവനക്കാരനായ സന്തോഷ് ജോലി കഴിഞ്ഞുള്ള ഒഴിവ് സമയം പാഴാക്കാതിരിക്കാൻ ആരംഭിച്ച അലങ്കാരമത്സ്യ കൃഷി ലോക്ക് ഡൗൺ ആയതോടെ വിപുലീകരിക്കുകയായിരുന്നു. റെഡ് കോബ്ര, ബ്ലൂ ഡയമണ്ട്, മെറ്റൽ റെഡ്, ബിഗ് ഇയർ ഡ്രാഗൺ, മിക്സഡ് ഗപ്പി, എഞ്ചൽ, വൈൽഡ് റെഡ്, ഗോൾഡ് ഫിഷ്, ഫൈറ്റർ തുടങ്ങി നാല്‍പ്പതോളം വ്യത്യസ്ത തരത്തിലുള്ള അലങ്കാര മത്സ്യങ്ങളാണ് സന്തോഷിന്‍റെ വീട്ടിൽ തയ്യാറാക്കിയ ടാങ്കുകളിൽ നീന്തി തുടിക്കുന്നത്. ലോക്ക് ഡൗൺ കാലയളവില്‍ വീടിന്‍റെ പുറക് വശത്തായി ഗ്ലാസുകളും പ്ലാസ്റ്റിക് പാത്രങ്ങളും ഉപയോഗിച്ച് സ്വന്തമായിട്ടാണ് സന്തോഷ് ടാങ്കുകൾ നിർമിച്ചത്.
കോഴിക്കോട്, കണ്ണൂർ, തലശേരി, ആലക്കോട്, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ആവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ചത്. ജോലി സമയം കഴിഞ്ഞുള്ള ഇടവേളകളിലാണ് മത്സ്യ പരിപാലനമെന്നും സന്തോഷ് പറയുന്നു. ആവശ്യത്തിനനുസരിച്ച് പെയർ ആയിട്ടാണ് വില്‍പ്പന നടത്തുന്നത്. കുഞ്ഞുങ്ങളുടെ വലിപ്പത്തിന് അനുസരിച്ച് 20 മുതൽ 500 രൂപ വരെ ഒരു പെയർ മത്സ്യത്തിന് വില വരും. വൈറ്റ് ഫൈറ്റർ എന്ന മത്സ്യത്തിന് മാത്രമാണ് 1000 രൂപ. സ്കൂൾ ഇല്ലാത്തതിനാൽ നാലാം ക്ലാസുകാരൻ അരവിന്ദും പത്താം ക്ലാസുകാരനായ ആദിത്യനുമാണ് മത്സ്യങ്ങളുടെ പരിപാലനത്തിന് സന്തോഷിന്‍റെ സഹായികൾ. കെഎസ്ആർടിസി കണ്ടക്ടറായ ഭാര്യ പ്രവീണയും സന്തോഷിന് എല്ലാ പിന്തുണയുമായി കൂടെയുണ്ട്.