കണ്ണൂര്‍: പാട്ടുകള്‍ ചിട്ടപ്പെടുത്തി കന്നട സിനിമയില്‍ മലയാളി സാന്നിധ്യമറിയിച്ച് കണ്ണൂരിലെ യുവ സംഗീത സംവിധായകന്‍. പയ്യന്നൂര്‍ ഒളവറ സ്വദേശിയായ സുദര്‍ശന്‍ എന്ന 44കാരനാണ് സംഗീത മാധുര്യത്തിലൂടെ കന്നട സിനിമ പ്രേമികളുടെ മനസില്‍ ഇടം നേടുന്നത്. നാഗേഷ് നിവാസ എന്ന സിനിമയിലൂടെയാണ് കന്നട ചലച്ചിത്ര ലോകത്തേക്കുള്ള സുദര്‍ശന്‍റെ കാല്‍വയ്പ്പ്.
തമിഴ് സിനിമ പ്രേമികളുടെ മനസ് കീഴടക്കിയിരുന്ന സംഗീതജ്ഞരായ രാജാമണി, രമേഷ് നാരായണന്‍ എന്നിവരാണ് സിനിമ അരങ്ങേറ്റത്തിന് തനിക്ക് പിന്തുണ നല്‍കിയതെന്ന് സുദര്‍ശന്‍ പറയുന്നു. കന്നടയ്ക്ക് പുറമേ മലയാളം, തമിഴ്, തുളു തുടങ്ങിയ ഭാഷകളിലെ പാട്ടുകള്‍ക്കും സംഗീതം നല്‍കുന്നുണ്ട്. രണ്ടായിരത്തിലധികം പാട്ടുകളാണ് ഇതിനോടകം സുദര്‍ശന്‍ ചിട്ടപ്പെടുത്തിയത്.
കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, മുരുകന്‍ കാട്ടാക്കട തുടങ്ങി നിരവധി പ്രമുഖരുടെ വരികള്‍ക്ക് സുദർശൻ ഈണമിട്ടു. റിലീസിനിനൊരുങ്ങുന്ന കന്നട സിനിമ ടാറ്റുബോയി, മലയാള സിനിമ മാതൃ തപത്യ എന്നിവയിലെ ഗാനങ്ങള്‍ ഒരുക്കിയതും ഇദ്ദേഹമാണ്. ആകാശവാണിയുടെ എ ഗ്രേഡ് സംഗീത സംവിധായകൻ കൂടിയാണ് സുദർശൻ.
ഉള്‍ട്ട, ഉരിയാട്ട് എന്നീ മലയാള സിനിമകളിലും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. വിവിധ ഭാഷകളില്‍ പ്രേക്ഷകരുടെ മനസ് കീഴടക്കി സിനിമ ലോകത്ത് നാഴികക്കല്ലുകള്‍ പിന്നിടുമ്പോഴും സുദര്‍ശന് ഒരാഗ്രഹം ബാക്കിയുണ്ട്, സംഗീത ഇതിഹാസമായ എആര്‍ റഹ്‌മാനെ നേരില്‍ കാണണം.