കണ്ണൂർ: കെപിസിസി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ്. സുരേന്ദ്രനെതിരെ ദീവേഷ് ചേനോളിയെന്ന പ്രവാസിയായ കോൺഗ്രസ് പ്രവർത്തകനെ ഉപയോഗിച്ച് അധിക്ഷേപം നടത്തിയത് മേയർ കസേര നോട്ടമിട്ടിരിക്കുന്ന പി.കെ രാഗേഷാണെന്ന ആരോപണം ശക്തമായതോടെ ആണ് പ്രതികരണവുമായി ഡെപ്യൂട്ടി മേയർ രംഗത്ത് എത്തിയത്. ഏത് പ്രതിസന്ധിയേയും പുഞ്ചിരിയോടെ സമീപിച്ച് അതിനെ മറികടക്കുന്ന വ്യക്തിയായിരുന്നു സുരേന്ദ്രൻ. വിഷയത്തിൽ ഇടപെട്ട് സിപിഎം സർക്കാരിനെ കൊണ്ട് സമഗ്ര അന്വേഷണം നടത്തണം. സുരേന്ദ്രന് എതിരെയുള്ള ഫേസ്‍ബുക്ക് പോസ്റ്റിന് പിന്നിൽ താനാണെന്ന് തെളിയിച്ചാൽ എന്ത് ആത്മത്യാഗവും ചെയ്യാമെന്ന് പി.കെ രാഗേഷ് ഇടിവി ഭാരതിനോട് പറഞ്ഞു. പാർട്ടിയിൽ ഒറ്റപ്പെട്ടതായി തോന്നുന്നില്ലെന്നും രാഗേഷ് പറഞ്ഞു.
അതേസമയം, കെ.സുരേന്ദ്രന്‍റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കോൺഗ്രസ് പരാതി നൽകാനൊരുങ്ങുകയാണ് . സുരേന്ദ്രന് എതിരെയുണ്ടായ സൈബർ ആക്രമണത്തിൽ പരാതി നൽകുമെന്ന് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു. മരണാനന്തര ചടങ്ങുകൾ പൂർത്തിയായ ശേഷമായിരിക്കും പരാതി നൽകുക. സൈബർ ആക്രമണം നടത്തിയാൾക്ക് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ലെന്നും കെപിസിസി അംഗം കെ.പ്രമോദിന്‍റെ പ്രതികരണം അനവസരത്തിലെന്നും സതീശൻ പാച്ചേനി കണ്ണൂരിൽ പറഞ്ഞു .