കണ്ണൂർ : രാജ്യസഭ സ്ഥാനാർഥിത്വത്തിനായി കോൺഗ്രസിൽ നിന്നും ഒരു ലിസ്റ്റ് മാത്രമേ നൽകിയിട്ടുള്ളുവെന്നും അവസാന നിമിഷം വരെ അത് മാറിയിട്ടില്ലെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. എം. ലിജുവിന് വേണ്ടി മാത്രം രാഹുൽ ഗാന്ധിക്ക് കത്തെഴുതാൻ താൻ വിഡ്ഢിയല്ല. കെ.പി.സി.സി നൽകിയ നാലുപേരുടെ ലിസ്റ്റിൽ ഒരാൾക്കുവേണ്ടി മാത്രം കത്തെഴുതിയാൽ പിന്നെ കെ.പി.സി.സി അധ്യക്ഷ പദവിയിൽ ഇരിക്കാൻ അർഹനല്ല. തന്‍റെ അഭിപ്രായം ഹൈക്കമാൻഡിനോട് പറയാതിരിക്കാൻ മാത്രം പൊട്ടനല്ല താനെന്നും സുധാകരൻ പറഞ്ഞു.
ജെബി മേത്തറിന് രാജ്യസഭ സീറ്റ് നൽകിയ ഹൈക്കമാൻഡ് തീരുമാനത്തിൽ പൂർണ തൃപ്‌തിയാണ്. കെ.പി.സി.സി നൽകിയ ലിസ്റ്റിലെ നാലുപേരിൽ ഒരാൾ ജെബിയാണ്. കഴിഞ്ഞ 45 വർഷത്തിനിടയില്‍ കോൺഗ്രസിൽ നിന്നും രാജ്യസഭയിലേക്ക് ഒരു വനിത പോകുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: കെ റെയിൽ പ്രതിപക്ഷത്തിന് ബിജെപിയുമായി സഖ്യം കൂടാനുള്ള അവസരം: കാനം രാജേന്ദ്രൻ
സി.പി.എം പാർട്ടി കോൺഗ്രസിൻ്റെ സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് നേതാക്കൾക്ക് നിർദേശം നൽകിയതായും സുധാകരൻ അറിയിച്ചു. കോൺഗ്രസ് പ്രവർത്തകരെയും കെ.എസ്.യു പ്രവർത്തകരെയും വേട്ടയാടുന്നവരോട് യാതൊരു വിട്ടുവീഴ്ചയുമില്ല. പ്രവർത്തകരുടെ വികാരമാണ് സി.പി.എം പാർട്ടി കോൺഗ്രസിൻ്റെ സെമിനാറിൽ പങ്കെടുക്കാൻ പാടില്ലെന്നത്. ഇത് നേതാക്കളെ അറിയിച്ചിട്ടുണ്ട്. പ്രവർത്തകരെ നിരന്തരം വേട്ടയാടുന്ന പശ്ചാത്തലത്തിലാണ് സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടതില്ലെന്ന നിർദേശം നൽകിയതെന്നും സുധാകരൻ വ്യക്തമാക്കി.