കണ്ണൂർ : കോൺഗ്രസിന്‍റെ പലസ്‌തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി തന്നാലും ഇല്ലെങ്കിലും നവംബര്‍ 23ന് തന്നെ നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. വിരട്ടി മാറ്റാൻ നോക്കേണ്ടെന്നും അനുമതി നൽകാത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുധാകരന്‍.
റാലിയെ തകർക്കാൻ ശ്രമിക്കുന്നത് പാഴ്ശ്രമമാണെന്ന് പറഞ്ഞ സുധാകരന്‍ എന്തിനാണ് സിപിഎം ആശങ്കപ്പെടുന്നതെന്നും ചോദിച്ചു. റാലി നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ യുദ്ധം നടക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ലീഗ് റാലിയിലെ ശശി തരൂരിന്‍റെ പ്രസംഗത്തിലെ ഒറ്റവാക്കിൽ പിടിച്ച് തൂങ്ങുന്നത് ബുദ്ധി ശൂന്യതയാണ്.
പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂരും പങ്കെടുക്കും. ശശി തരൂർ അടക്കമുള്ള എല്ലാ നേതാക്കന്മാരെയും ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് നവ കേരള സദസ് നടത്തുന്നത്. സര്‍ക്കാറിന് നാണവും മാനവും ഉണ്ടോയെന്നും കെ സുധാകരന്‍ ചോദിച്ചു. സംസ്ഥാനത്ത് കര്‍ഷകര്‍ കടബാധ്യത കൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്നും ജനങ്ങള്‍ പട്ടിണിയിലാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
വിമര്‍ശനവുമായി രമേശ് ചെന്നിത്തല : കോഴിക്കോട് നടത്താനിരിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്‍റെ രാഷ്ട്രീയ കളിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഞങ്ങളല്ലാതെ ആരും പലസ്‌തീൻ ഐക്യദാർഢ്യം നടത്തരുതെന്ന ധാർഷ്ട്യമാണ് സിപിഎമ്മിന്. അത് ഒരു കാരണവശാലും അംഗീകരിച്ചുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ അവിടെ റാലി നടത്തുക തന്നെ ചെയ്യും. ഇപ്പോൾ നിഷേധിച്ച വേദിയിൽ തന്നെ നടത്തണോയെന്ന കാര്യത്തിൽ ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരും മാർക്‌സിസ്റ്റ് പാർട്ടിയും ഇങ്ങനെ ഒരു തീരുമാനം എടുത്തത് ദൗർഭാഗ്യകരമാണ്. പലസ്‌തീനിൽ നടക്കുന്ന കൂട്ടക്കൊലയ്‌ക്കെതിരായി കേരളത്തിലെ ജനങ്ങളെ അണിനിരത്തുന്ന കാര്യമാണ് കെപിസിസി ആവിഷ്‌കരിച്ചത്. അതിനെ എതിർക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറിന്‍റെ പരിപാടി നടക്കുന്നത് 25നാണ്. അതിന് ഇനിയും സമയമുണ്ട്. എന്നിട്ടും ഈ റാലി വിലക്കുന്നത് വലിയ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അതൊന്നും നടക്കാൻ പോകുന്നില്ല. പലസ്‌തീൻ വിഷയത്തിൽ ആശയക്കുഴപ്പമുള്ള പാർട്ടി സിപിഎമ്മാണ്. അങ്ങനെ അല്ലായിരുന്നെങ്കിൽ ശൈലജ ടീച്ചറെ തിരുത്താൻ പാർട്ടി തയാറാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
റാലിയിൽ ശശി തരൂരിനെ പങ്കെടുപ്പിക്കണോയെന്ന കാര്യത്തിൽ പാർട്ടി തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ കെസി വേണുഗോപാല്‍ നിന്നാൽ പാട്ടും പാടി ജയിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.