കണ്ണൂർ: ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിനായി മുൻ മന്ത്രിയും ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്‍റുമായ കെ. പി. മോഹനൻ ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നു. " ഇതാണ് ലഹരി "എന്ന ഹ്രസ്വചിത്രത്തിലാണ് കെ.പി മോഹനൻ അധ്യാപകന്റെ പ്രധാന വേഷത്തിൽ അഭിനയിച്ചത്. ലഹരിക്ക് അടിമകളായ കുട്ടികളെ ജീവിത ലഹരിയിലേക്ക് കൈപിടിച്ചുയർത്തുന്ന അധ്യാപകന്‍റെ കഥാപാത്രമാണ് കെ.പി മോഹനന്‍റേത്. സിനിമ വായനശാലകളിലും സ്കൂളുകളിലും പ്രദർശിപ്പിക്കാനാണ് തീരുമാനം.
വേങ്ങാട് സാന്ത്വനം ക്രിയേഷൻസിന്‍റെ ബാനറിൽ പ്രദീപൻ തൈക്കണ്ടിയും സനോജ് നെല്യാടനും ചേർന്ന് നിർമിക്കുന്ന ഹ്രസ്വചിത്രം മോഡി രാജേഷാണ് സംവിധാനം ചെയുന്നത്. ബാബു മുഴക്കുന്ന ക്യാമറയും സന്തോഷ് പ്രിയ എഡിറ്റിംഗും രാഹുൽ ഇരിട്ടി സഹസംവിധാനവും നിർവഹിക്കുന്നു. മനോജ് താഴെപുരയിലിന്‍റേതാണ് കഥയും തിരക്കഥയും. പേരാവൂർ, നമ്പിയോട്, കാടാച്ചിറ പ്രദേശങ്ങളിലായി ചിത്രീകരണം തുടങ്ങി.