കണ്ണൂർ: കേരള ഗവർണറെ പിന്തുണച്ച് കിരൺ ബേദി. ആരിഫ് മുഹമ്മദ് ഖാനെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് ശരിയല്ലെന്നും വ്യക്തിയെ അല്ല ഭരണഘടനാ പദവിയെ ആണ് ബഹുമാനിക്കേണ്ടതെന്നും പുതുച്ചേരി ലഫ്റ്റ്നന്റ് ഗവർണർ കിരൺ ബേദി മാഹിയിൽ പറഞ്ഞു. ഗവർണറെ ഭരണകാര്യങ്ങൾ അറിയിക്കുന്നില്ല എന്ന ആക്ഷേപം ശരിയായ പ്രവണതയല്ലെന്നും കിരൺ ബേദി.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ശരിയായി മനസിലാക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. പ്രതിഷേധിക്കുന്നതിന് എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ പൊതുമുതൽ നശിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. പുതുച്ചേരി മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്നും കിരൺ ബേദി കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് കിരൺ ബേദി മാഹിയിൽ എത്തിയത്. ഇന്നലെ മാഹി കോളജിൽ എത്തിയ കിരണ്‍ ബേദിയെ വിദ്യാർഥികൾ തടഞ്ഞത് സംഘർഷത്തിനിടയാക്കിയിരുന്നു.