കണ്ണൂർ: ഇരിക്കൂർ സീറ്റുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ ശ്രീകണ്‌ഠപുരത്ത് യു.ഡി.എഫ് ഇരിക്കൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെഷൻ നടന്നു. ഇരിക്കൂർ എം.എൽ.എ കെ.സി ജോസഫ് ഉദ്‌ഘാടനം ചെയ്‌ത ചടങ്ങിൽ സോണി സെബാസ്റ്റ്യൻ ഉൾപ്പെടെ എ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കൾ പങ്കെടുത്തില്ല.
ഇരിക്കൂറിലെ പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ്‌താവന കെ.സുധാകരൻ തള്ളി. നിലവിൽ പ്രശ്‌നത്തിന് പരിഹാരം ആയില്ലെന്നും രണ്ട് ദിവസത്തിനകം പരിഹരിക്കാമെന്ന് എ ഗ്രൂപ്പിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. ഇരിക്കൂറിലെ പ്രശ്‌നങ്ങൾ കെപിസിസി പരിഹരിക്കുമെന്ന് കെ.സി ജോസഫും ആവർത്തിച്ചു. പ്രശ്‌നം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും പരിഹാരത്തിനായി ഇനി ചർച്ചകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കൺവെൻഷനിൽ പങ്കെടുക്കണമെന്ന് ഉമ്മൻ ചാണ്ടി അഭ്യർഥിച്ചെങ്കിലും ഉപാധികളിൽ തീരുമാനമാകാതെ സജീവ് ജോസഫിന്‍റെ പ്രചാരണവുമായി സഹകരിക്കില്ലെന്ന് ചില എ ഗ്രൂപ്പ് നേതാക്കൾ ഉറച്ച നിലപാടെടുത്തിരുന്നു. എന്നാൽ നേതാക്കളായ പി.ടി മാത്യു, ഡോ. കെ.വി ഫിലോമിന, തോമസ് വക്കത്താനം തുടങ്ങിയ എ ഗ്രൂപ്പ് നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. അതേ സമയം ഇരിക്കൂറിലെ യു.ഡി.എഫ് സ്ഥാനാർഥി എന്ന നിലയിൽ തനിക്ക് ഗ്രൂപ്പില്ലന്ന് സജീവ് ജോസഫ് വ്യകതമാക്കി. എല്ലാവരുടെയും പ്രതിനിധിയാണ് താനെന്നും കോൺഗ്രസ് ഒറ്റകെട്ടായി പ്രവർത്തിച്ചാൽ ഇരിക്കൂറിൽ മികച്ച വിജയം ഉറപ്പാക്കാനാകും എന്നും സജീവ് ജോസഫ് പറഞ്ഞു. കണ്ണൂർ ഡിസിസി അധ്യക്ഷ സ്ഥാനം ഉൾപ്പെടെ പാർട്ടി സ്ഥാനങ്ങൾ ലഭിക്കാതെ വിട്ടു വീഴ്‌ചയ്ക്കില്ല എന്നാണ് മാറിനിൽക്കുന്ന എ ഗ്രൂപ്പ് നേതാക്കളുടെ നിലപാട്. ഡിസിസി അധ്യക്ഷ സ്ഥാനം വിട്ടു നൽകില്ലെന്ന് കെ.സുധാകരൻ വ്യക്തമാക്കിയതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്.