കണ്ണൂർ: കോൺഗ്രസിന്‍റെ ശക്തി മണ്ഡലം എന്നറിയപ്പെടുന്ന ഇരിക്കൂർ നിയമസഭ മണ്ഡലത്തിൽ വിജയം ആവർത്തിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. കേരള കോൺഗ്രസിന് സീറ്റ് നൽകി ഇക്കുറി അട്ടിമറി പ്രതീക്ഷിച്ചാണ് എൽഡിഎഫ് പ്രചാരണം നടത്തുന്നത്. കാര്യമായ നേട്ടങ്ങളുണ്ടാക്കാൻ ഇല്ലെങ്കിലും എൻഡിഎയും പ്രചാരണ രംഗത്ത് സജീവമാണ്. കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമായ ഇരിക്കൂറിൽ 1982 മുതൽ തുടർച്ചയായി കെ.സി. ജോസഫ് ആണ് നിയമസഭയിലേക്ക് എത്തുന്നത്. ഒരു തവണ മന്ത്രിയുമായി. കെ.സി. ജോസഫിന് പിൻഗാമിയായാണ് സജീവ് ജോസഫിനെ യുഡിഎഫ് കാണുന്നത്.
അതേസമയം സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മാധ്യമശ്രദ്ധ കിട്ടിയ മണ്ഡലമാണ് ഇരിക്കൂർ. കെട്ടിയിറക്കിയ സ്ഥാനാർഥിയെ അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഇരിക്കുറിലെ സോണി സെബാസ്റ്റ്യന്‍റെ നേതൃത്വത്തിൽ എ വിഭാഗം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നത് സംസ്ഥാന നേതൃത്വത്തിന് വലിയ തലവേദനയാണ് ഉണ്ടാക്കിയത്. എന്നാൽ ഉമ്മൻചാണ്ടി അടക്കമുള്ള മുൻനിര നേതാക്കൾ കണ്ണൂരിലെത്തി പ്രശ്‌നം പരിഹരിച്ചതോടെയാണ് യുഡിഎഫ് പ്രചാരണ രംഗത്തും സജീവമായത്. ഇതോടെ വിജയം ആവർത്തിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാർഥി സജി ജോസഫ്.
കേരള കോൺഗ്രസ് മാണി വിഭാഗത്തിനാണ് എൽഡിഎഫ് ഇത്തവണ ഇരിക്കൂർ സീറ്റ് നൽകിയിരിക്കുന്നത്. മാണി വിഭാഗം യുഡിഎഫിലുണ്ടായിരുന്നപ്പോൾ ജില്ല പഞ്ചായത്ത് അംഗമായിരുന്ന സജി കുറ്റിയാനിമറ്റമാണ് എൽഡിഎഫിന് വേണ്ടി രംഗത്തിറങ്ങുന്നത്. വന്യമൃഗശല്യം മുതൽ കാർഷികോത്പ്പന്നങ്ങളുടെ വിലത്തകർച്ച വരെയുള്ള കാര്യങ്ങളാണ് എൽഡിഎഫ് ഇരിക്കൂറിൽ പ്രധാന വിഷയങ്ങൾ ആക്കുന്നത്.
നടുവിൽ, ആലക്കോട്, ഉദയഗിരി ഉൾപ്പെടെ മലയോരമേഖലകളിൽ കേരള കോൺഗ്രസിന് തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കാനും സാധിച്ചിരുന്നു. അതേ ട്രെൻഡ് നിലനിൽക്കുന്നുണ്ടെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നതും. കോൺഗ്രസിലെ പടലപ്പിണക്കങ്ങളും സർക്കാരിന്‍റെ വികസനവും തങ്ങൾക്ക് അനുകൂലമാകുമെന്നുമാണ് എൽഡിഎഫ് കണക്കുകൂട്ടൽ. എന്നാൽ എൻഡിഎയാകട്ടെ തങ്ങളുടെ നില മെച്ചപ്പെടുത്താൻ സാധിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് പ്രചാരണം നടത്തുന്നത്. എൻഡിഎയ്ക്കുവേണ്ടി ബിജെപിയുടെ അനിയമ്മ രാജേന്ദ്രനാണ് ഇരിക്കൂറിൽ മത്സര രംഗത്തുള്ളത്.