കണ്ണൂർ: 20 വർഷത്തിലധികമായി വീട്ടിലേക്ക് ആവശ്യമായ എല്ലാ കാർഷിക വിഭവങ്ങളും സ്വന്തമായി കൃഷിയിടങ്ങളിൽ ഉൽപ്പാദിപ്പിക്കുകയാണ് ഒരു വീട്ടമ്മ. തളിപ്പറമ്പ് മുക്കുന്ന് സ്വദേശി ജ്യോതി ജനാർദ്ദനനാണ് 84 ഓളം വ്യത്യസ്‌ത ഇനങ്ങൾ കൃഷി ചെയ്യുന്നത്.
40 ഇനം മഞ്ഞൾ, 27 ഇനം കുരുമുളക്, 14 ഇനം നെല്ല്, 34 ഇനം ചേമ്പ്, 40 ഇനം വിവിധ വിദേശ ഇനം തൈകൾ ഉൾപ്പടെ സമ്പുഷ്ടമാണ് മുക്കുന്നിലെ ജ്യോതിയുടെ വീടും പരിസരവും. വീടിന്‍റെ ടെറസും, പറമ്പുമായി ഒരു ഏക്കറോളം സ്ഥലത്താണ് കൃഷി. കഴിഞ്ഞ വർഷം പരിയാരം കൃഷിഭവൻ ജൈവഗൃഹം പദ്ധതിയിൽ കൂടെ ഉൾപ്പെടുത്തിയതോടെ കൂടുതൽ മികച്ച രീതിയിൽ കൃഷി വിപുലപ്പെടുത്താൻ സാധിച്ചതായി കർഷക പറയുന്നു.
കാസർകോട് കുള്ളൻ പശു, മലബാറി ആട്, കോഴി, താറാവ്, ആമസോൺ വനങ്ങളിൽ മാത്രം കണ്ടുവരുന്ന ഇൻക പീനട്ടും ജ്യോതിയുടെ കൃഷിയിടത്തിലെ കാഴ്‌ചയാണ്. വീട്ടിൽ നിർമിക്കുന്ന ഹരിത കഷായം ഉപയോഗിച്ചാണ് അണുനശീകരണം. ഹരിത കേരള മിഷന്‍റെ മികച്ച കർഷകയ്ക്കുള്ള അവാർഡും പരിയാരം പഞ്ചായത്തിൽ ജ്യോതിയെ തേടിയെത്തിയിരുന്നു.
ALSO READ: അരുണിന് ചെമ്പരത്തി ചെറിയ ചെടിയല്ല, അതറിയണമെങ്കില്‍ പൂക്കാടേക്ക് പോകണം