കണ്ണൂർ: റിട്ടയർമെൻ്റ് ജീവിതം കൃഷിയിലൂടെ ആസ്വദിക്കുകയാണ് ചമ്പാട് മാക്കുനിയിലെ ശാരദാസിൽ കെ.വി രഘുനാഥ്. നേവിയിൽ 15 വർഷവും മർച്ചൻ്റ് നേവിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായും പ്രവർത്തിച്ച ശേഷം രണ്ട് വർഷം മുമ്പാണ് രഘുനാഥ് വിരമിച്ചത്. തുടർന്നാണ് കൃഷിയിൽ സജീവമായത്. കൊവിഡ് വന്നതോടെ മുഴുവൻ സമയ കൃഷിക്കാരനായി.
പാഷൻ ഫ്രൂട്‌സ്, കോവക്ക, തക്കാളി, കയ്‌പ്പക്ക, പച്ചമുളക്, കക്കിരി, പടവലം, വെണ്ടക്ക, ചീര, പയർ, കാബേജ്, മല്ലി, മുത്താറി, വഴുതിനങ്ങ, വെള്ളരി തുടങ്ങി ഒരു വീട്ടിലേക്കാവശ്യമായതെല്ലാം രഘുനാഥിൻ്റെ വീട്ടുവളപ്പിൽ വളരുന്നുണ്ട്. രാവിലെയും വൈകിട്ടുമായി നാല് മണിക്കൂറോളം രഘുനാഥ് കൃഷിയിടത്തിൽ ചെലവഴിക്കും. എല്ലാവിധ പിന്തുണയുമായി ഭാര്യ ഹൈമയും മക്കളായ ശ്വേതയും ശ്രേയയും ഒപ്പമുണ്ട്. പൂർണമായും ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി. വീട്ടിലേക്കുള്ള ആവശ്യം കഴിഞ്ഞ് മിച്ചം വരുന്ന പച്ചക്കറികൾ സുഹൃത്തുക്കൾക്ക് നൽകാറാണ് പതിവെന്ന് രഘുനാഥ് പറഞ്ഞു.