കണ്ണൂർ: സ്‌കൂൾ യൂണിഫോം അടക്കം വിവിധ ഇനങ്ങളില്‍ സർക്കാർ നല്‍കേണ്ട കോടിക്കണക്കിന് രൂപ കുടിശികയായതോടെ കണ്ണൂരിലെ കൈത്തറി സംഘങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയില്‍. സർക്കാരില്‍ നിന്ന് കിട്ടേണ്ട തുക മുടങ്ങിയതോടെ കൈത്തറി സംഘങ്ങളെ ആശ്രയിച്ച് തൊഴില്‍ ചെയ്‌തിരുന്ന നെയ്ത്തു തൊഴിലാളികളും വരുമാനമില്ലാതെ ബുദ്ധിമുട്ടിലായി. ഇതിനൊപ്പം നൂൽക്ഷാമവും നൂൽ വിലയിലെ വൻവർധനവും കൂടിയായപ്പോൾ കൈത്തറി മേഖല പൂർണമായും അടച്ചുപൂട്ടലിന്‍റെ വക്കിലായെന്ന് തൊഴിലാളികളും കൈത്തറി സംഘം നടത്തിപ്പുകാരും പറയുന്നു.
സർക്കാർ മേഖലയിലെ ഹാൻവീവും, ഹാൻടെക്‌സും ഉൾപെടുന്നതാണ് കേരളത്തിലെ പ്രധാന കൈത്തറി മേഖല. സർക്കാരിന്‍റെ സ്‌കൂൾ യൂണിഫോം പദ്ധതി പ്രകാരം ലഭിക്കേണ്ട പണം കിട്ടാതായതോടെയാണ് ഈ സ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധിയിലായത്. സ്‌കൂൾ യൂണിഫോം ഇനത്തിൽ ഈ രണ്ടു സ്ഥാപനങ്ങള്‍ക്ക് മാത്രം കണ്ണൂരിൽ 6.40 കോടി രൂപയും റിബേറ്റ് ഇനത്തിൽ 2.5 കോടി രൂപയുമാണ് കിട്ടാനുള്ളത്.
ഹാൻവീവിന്‍റെ കണ്ണീർ: സർക്കാരിൽ നിന്ന് കൂടുതൽ കുടിശിക ലഭിക്കാനുള്ളത് സംസ്ഥാന സർക്കാരിന് കീഴിൽ കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാൻവീവിനാണ്. ഈ സ്ഥാപനത്തിന് സർക്കാരിൽ നിന്ന് ഒന്‍പത് കോടി രൂപയിൽ അധികം ലഭിക്കാനുണ്ട്. ഇതിൽ ഈ വർഷത്തെ സ്‌കൂൾ യൂണിഫോം വിതരണത്തിലെ കൂലി ഇനത്തിൽ മാത്രമായി 3.27 കോടിയും, സ്‌കൂൾ യൂണിഫോമിന്‍റെ തുണിയുടെ വിലയായ 2.6 കോടിയും കിട്ടാനുണ്ട്.
കഴിഞ്ഞ വർഷത്തെ ക്രിസ്‌മസ് റിബേറ്റ് കുടിശിക ആയ 32 ലക്ഷം രൂപയും ഇതിൽ ഉൾപെടും. എല്ലാം കൂടി കൂട്ടിയാൽ ഹാൻവീവിന് കിട്ടാനുള്ള തുക ഒന്‍പത് കോടിയിലധികം രൂപ വരും. ഹാൻടെക്‌സിനു എല്ലാം കൂടി രണ്ട് കോടി രൂപയും ലഭിക്കേണ്ടതുണ്ട്.
തൊഴിലാളികളെ മറന്ന സർക്കാർ: ഹാൻവീവിന് കീഴിൽ 160 ജീവനക്കാരും രണ്ടായിരത്തോളം നെയ്ത്തു തൊഴിലാളികളുമാണുള്ളത്. ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്‌തിട്ട് ആറു മാസത്തോളമായി. വിരമിച്ചവരുടെ ആനുകൂല്യങ്ങളും നൽകിയില്ല.
വിദ്യാർഥികളുടെ സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയുടെ ഭാഗമായി ജോലി ചെയ്‌ത തൊഴിലാളികളുടെ കൂലിയാണ് പ്രധാനമായും മുടങ്ങിയത്. വിഷു വിപണിയിൽ വിൽപന കുറഞ്ഞതും കൈത്തറി സംഘങ്ങളുടെ പ്രതിസന്ധി രൂക്ഷമാക്കി. കഴിഞ്ഞ വിഷുവിന് പോലും ഈ മേഖലയിലെ തൊഴിലാളികൾക്ക് കൂലി കിട്ടിയില്ല.
ഉത്പാദിപ്പിക്കുന്ന തുണിക്ക് ആനുപാതികമായാണ് യൂണിഫോം നെയ്‌ത്ത് തൊഴിലാളികൾക്ക് കൂലി നൽകിയിരുന്നത്. കൂടുതൽ സംഘങ്ങളുള്ള കണ്ണൂരിൽ 5900 നെയ്‌ത്തു തൊഴിലാളികൾക്ക് നേരിട്ടും രണ്ടായിരത്തോളം പേർക്ക് അനുബന്ധമായും തൊഴിൽ നൽകാൻ സൗജന്യ യൂണിഫോം പദ്ധതിയിലൂടെ സാധിച്ചിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ പലരും നെയ്‌ത്തു ജോലി ഉപേക്ഷിച്ച് മറ്റു ജോലികൾ തേടി പോയി. 25 ശതമാനത്തോളം പേർ ഇത്തരത്തിൽ മറ്റു ജോലികളിലേക്ക് പോയെന്നാണ് കണക്ക്.
നൂല്‍ ക്ഷാമം: നൂല്‍ ക്ഷാമം കൂടി രൂക്ഷമായതാണ് സംഘങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിയാതെയായത്. ഒരു തൊഴിലാളികൾക്ക് മാസം ചുരുങ്ങിയത് 12 കിലോ എന്ന കണക്കിലാണ് നൂൽ ലഭിച്ചിരുന്നത്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ ലഭിച്ചത് ഒരു മാസത്തെ ഉല്‍പാദനത്തിനു വേണ്ടിവരുന്ന നൂൽ മാത്രമാണ്.
കോഴിക്കോട് എടരിക്കോട് സ്ഥിതിചെയ്യുന്ന സ്‌പിന്നിങ് മില്ലും, കാസർകോട് സ്ഥിതി ചെയ്യുന്ന സ്‌പിന്നിങ് മില്ലും, കോട്ടയത്തു സ്ഥിതി ചെയ്യുന്ന മലബാർ ടെക്‌സ്‌റ്റൈൽസും ചെങ്ങന്നൂരിലെ പ്രബുറാം മില്ലും അടച്ചുപൂട്ടി. ഇതും കൈത്തറി മേഖലയുടെ തകർച്ചയ്‌ക്ക് ആക്കം കൂട്ടി.
പ്രതിഷേധം കാണാത്ത സർക്കാർ: കൈത്തറിയുടെ തകർച്ചക്ക് പിന്നിൽ സംസ്ഥാനസർക്കാർ ആണെന്നാണ് ഒരു വിഭാഗത്തിന്‍റെ ആരോപണം. തൊഴിലാളികൾക്കും കൈത്തറി സംഘങ്ങൾക്കും പണം നല്‍കാതെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഈ മേഖലയെ തകർക്കുകയാണെന്നാണ് ഇവർ പറയുന്നത്. പരമ്പരാഗത കൈത്തറി വ്യവസായത്തെ കെഎസ്ആർടിസി മോഡലിൽ തകർക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.