കണ്ണൂർ: തലശ്ശേരിയിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ പിടികൂടി. വീട്ടുവളപ്പിലെ പച്ചക്കറി തോട്ടത്തിലായിരുന്നു കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടെത്തിയത്. തലശ്ശേരി പെരിങ്ങളം സ്വദേശി അരവിന്ദാക്ഷന്‍റെ (43) വീട്ടുവളപ്പിൽ നിന്നാണ് എക്സൈസ് സംഘം 71 കഞ്ചാവ് ചെടികൾ പിടിച്ചെടുത്തത്. ഇയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആറ് സെന്‍റീമീറ്റർ മുതൽ മൂന്ന് മീറ്റർ വരെ നീളമുള്ള ചെറുതും വലുതുമായ 71കഞ്ചാവ് ചെടികളാണ് പിടികൂടിയത്. ഇവക്ക് രണ്ട് ആഴ്‌ച്ച മുതൽ ആറ് മാസം വരെ വളർച്ചയുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും പ്രതിയെ ചോദ്യം ചെയ്‌തതിൽ നിന്നും കഞ്ചാവ് കച്ചവടക്കാരെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് പറഞ്ഞു. ജില്ലയിലെ കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അൻസാരി ബീഗു അറിയിച്ചു.