ഇടുക്കി : സംസ്ഥാന ബജറ്റിലും ഏലം മേഖലയോട് അവഗണനയെന്ന് കര്‍ഷകര്‍. കനത്ത പ്രതിസന്ധി നേരിടുന്ന ഇടുക്കിയിലെ ഏലം കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിനായി ബജറ്റില്‍ പദ്ധതികളില്ല. നേരത്തെ കേന്ദ്രബജറ്റിലും പരിഗണനയുണ്ടായിരുന്നില്ല. ഉത്പാദന ചെലവ് കുറയ്ക്കാനും വില സ്ഥിരത ഉറപ്പ് വരുത്താനും ബജറ്റില്‍ പദ്ധതികള്‍ പ്രഖ്യാപിയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍.
ഒരു കിലോ ഗ്രാം ഏലക്കായ്ക്ക് നിലവില്‍ ലഭിക്കുന്ന വില ശരാശരി ആയിരം രൂപയില്‍ താഴെയാണ്. എന്നാല്‍ ഉത്പാദന ചെലവ് 1300 രൂപയില്‍ അധികം വരും. കീടനാശിനികളുടെയും വളങ്ങളുടേയും അമിത വില വര്‍ദ്ധനവ്, ഉത്പാദന ചെലവ് ഗണ്യമായി വര്‍ധിക്കുന്നതിന് ഇടയാക്കി. ഏലം മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക്, ബജറ്റില്‍ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍.
Also Read: സാങ്കേതിക വിദ്യയുടെ കൈപിടിച്ച്, കൃഷിയെ കൈവിടാതെ കാല്‍ നൂറ്റാണ്ടിന്‍റെ വികസന പദ്ധതിയുമായി ബാലഗോപാല്‍
ഒരു കിലോ ഏലക്കായ്ക്ക് കുറഞ്ഞത് 1500 രൂപയെങ്കിലും തറവില നിശ്ചയിക്കണമെന്നത് കര്‍ഷകര്‍ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. സ്വകാര്യ കീടനാശിനി, വളം നിര്‍മാണ കമ്പനികള്‍ അവശ്യ വളങ്ങളുടെ വില ഗണ്യമായി ഉയര്‍ത്തുന്നതിന് തടയിടാനും നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.