കണ്ണൂർ: ആറളം ഫാമിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയുടെ അക്രമണത്തിൽ ആളുകൾ മരിക്കുമ്പോഴും അധികൃതർ നിഷ്ക്രിയത്തം തുടരുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ആനമതിൽ നിർമാണം പുന:രാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കലക്ടറേറ്റിന് മുൻപിൽ പ്രതിഷേധം നടന്നത്.
പ്രതീകാത്മമായി ആനയെ കൂട്ടിലടച്ചായിരുന്നു പ്രതിഷേധം. പ്രകടനമായി എത്തിയ പ്രവർത്തകർ ആനയുടെ പ്രതിമയുമായാണ് പ്രതിഷേധത്തിന് എത്തിയത്. ആനമതിൽ നിർമിക്കാൻ രണ്ട് വർഷം മുമ്പ് കോടികൾ അനുവദിച്ചിട്ടും കമ്മിഷൻ തുക തിട്ടപ്പെടുത്താത് കൊണ്ടാണ് ടെൻഡർ നടപടി പോലും വൈകുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു.
വൈദ്യുത വേലി നിർമിച്ചത് കൊണ്ട് ആനയെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് കെ. സുധാകരൻ എംപി പറഞ്ഞു. ഇത്തരം 'ചൊപ്പടാച്ചി' വിദ്യകൾ ആനകളുടെ മുന്നിൽ വിലപ്പോവില്ല, ജനങ്ങളുടെ ജീവനും കൃഷിയും രക്ഷപ്പെടുത്താൻ സ്ഥിരം സംവിധാനം വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.