കണ്ണൂർ: കോൺഗ്രസിനെ ആർഎസ്എസ് പാളയത്തിൽ എത്തിക്കാനാണ് കെ സുധാകരന്‍റെ നീക്കമെന്ന് ഇടതു മുന്നണി കൺവീനർ ഇ പി ജയരാജൻ. നെഹ്റുവിനെ ആർഎസ്എസിൻ്റെ സംരക്ഷകനായും ഫാസിസത്തിൻ്റെ സംരക്ഷകനുമാക്കി ചിത്രീകരിക്കുകയാണ് സുധാകരൻ ചെയ്യുന്നത്. ആർഎസ്എസ് ബുദ്ധിരാക്ഷസൻമാരുടെ രാഷ്ട്രീയമാണിതെന്നും ജയരാജൻ പറഞ്ഞു.
തന്നെ വെടിവെച്ച് കൊല്ലാൻ ആർഎസ്എസുകാരെയാണ് സുധാകരൻ നിയോഗിച്ചതെന്നും ഇ പി ജയരാജൻ ആരോപിച്ചു. മുസ്ലീം വിഭാഗത്തിൽ നിന്ന് ലീഗ് വിട്ട് പോവുകയാണെന്നും സിപിഎമ്മിലേക്ക് വരണോ വേണ്ടയോ എന്നത് അവരുടെ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കത്ത് വിവാദത്തിൽ പ്രതികരണം: നിയമന വിവാദത്തിൽ കത്ത് ലഭിച്ചിട്ടില്ലെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞിട്ടുണ്ട്. തൊഴിൽരഹിതർ ഒരുപാട് പേരുള്ള നാടാണ് കേരളമെന്നും മറ്റ് രാഷ്ട്രീയക്കാർ കത്തയക്കാറില്ലേ എന്നും ജയരാജൻ ചോദിച്ചു.
ഗവർണർ വിഷയത്തിൽ: കഴിഞ്ഞ ദിവസം ഗവണർക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാത്തത് അസുഖം കാരണം ചികിത്സയിലായതിനാലാണ്. ചികിത്സക്കായി പാർട്ടി ലീവ് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവർണർ വിഷയത്തിൽ അതിരൂക്ഷമായിട്ടായിരുന്നു ജയരാജൻ്റെ പ്രതികരണം. ഗവർണർ ഗവർണറായിട്ട് നിൽക്കണമെന്നും കേന്ദ്ര ഗവൺമെൻ്റിനോട് വിധേയത്വം കാണിക്കുകയാണെന്നും നാളെ പെട്ടിയും തൂക്കി പോകേണ്ട ആളാണ് ഗവർണർ എന്ന് ഓർക്കണമെന്നും ഇ പി പരിഹസിച്ചു.
വ്യക്തിത്വത്തിന് തന്നെ വലിയ കളങ്കമുള്ളയാളാണ് അദ്ദേഹം. ഇനിയും അദ്ദേഹം ഇത് തുടരരുത് എന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.