കണ്ണൂര്‍: കളവ് കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം കൈക്കലാക്കി അരലക്ഷം തട്ടിയെടുത്ത സംഭവത്തിൽ തളിപ്പറമ്പ് സ്റ്റേഷനിലെ സി.പി.ഒ ഇ.എൻ ശ്രീകാന്തിനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. എ.ടി.എം കാർഡ് തട്ടിയെടുത്ത് 70000 രൂപ കവർന്ന കേസിലെ യുവാവിന്‍റെ സഹോദരിയുടെ എ.ടി.എം കാര്‍ഡില്‍ നിന്നാണ് പണം തട്ടിയത്. കണ്ണൂർ റൂറൽ എസ്.പി നവനീത് ശർമയാണ് പിരിച്ചു വിട്ടതായുള്ള ഓർഡർ പുറത്തിറക്കിയത്.
പുളിമ്പറമ്പ് ലക്ഷംവീട് കോളനിയിലെ ഗോകുലിന്‍റെ സഹോദരിയുടെ എ.ടി.എം കാര്‍ഡ് കൈക്കലാക്കി പണം തട്ടുകയായിരുന്നു. സംഭവത്തിൽ അന്വേഷണ വിധേയമായി സസ്‌പെൻഷനിൽ ആയിരുന്നു ഉദ്യോഗസ്ഥന്‍. ചൊക്ലി ഒളിവിലം സ്വദേശി മനോജ് കുമാറിന്‍റെ എ.ടി.എം കാർഡ് തട്ടിയെടുത്ത് 70000 രൂപ കവർന്ന സംഭവത്തിലാണ് ഏപ്രിൽ മൂന്നാം തീയതി ഗോകുലിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
Also Read: പൊലീസുകാരന്‍റെ എടിഎം തട്ടിപ്പ്; കേസ് പിൻവലിച്ച് പരാതിക്കാർ
പിടിയിലാകുമ്പോൾ ഗോകുലിന്‍റെ കൈവശം സഹോദരിയുടെ എ.ടി.എം കാർഡ് ഉണ്ടായിരുന്നു. ഈ കാർഡ് കൈക്കലാക്കി പിന്നീട് കാർഡ് ഉപയോഗിച്ച് ഏപ്രിൽ ഏഴ് മുതൽ വിവിധ ആവശ്യങ്ങൾക്കായി പണം പിൻവലിക്കുകയായിരുന്നു. എ.ടി.എം കാർഡിന്‍റെ പിൻ നമ്പർ കേസിന്‍റെ ആവശ്യത്തിന് എന്ന് തെറ്റിദ്ധരിപ്പിച്ച് സഹോദരിയുടെ ഫോണിൽ വിളിച്ചു വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.
എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായുള്ള സന്ദേശം മൊബൈൽ ഫോണിൽ വന്നതോടെയാണ് പരാതിയുമായി ഇവർ പൊലീസിനെ സമീപിച്ചത്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രൻ നിർദ്ദേശാനുസരണം സി.ഐ വി.ജയകുമാർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് പിന്നിൽ സി.പി.ഒ ശ്രീകാന്തിന് പങ്കുണ്ടെന്ന് വ്യക്തമായത്.
ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് റൂറൽ എസ്.പി മുൻപാകെ സമർപ്പിച്ചതിന്‍റെ അടിസ്ഥാനത്തിൽ റൂറൽ എസ്പി നവനീത് ശർമ ഇയാളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും കേസ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. പിന്നീട് പരാതിക്കാരുമായി കേസ് ഒത്തുതീർപ്പാക്കിയെങ്കിലും പൊലീസ് നടപടി പുരോഗമിക്കുകയായിരുന്നു.