കണ്ണൂർ: തളിപ്പറമ്പ് മാന്തംകുണ്ടിൽ സിപിഎം-സിപിഐ തർക്കം നിൽക്കുന്ന സ്ഥലത്ത് സിപിഐ ഉയർത്തിയ പതാക സിപിഎം നേതാക്കൾ അഴിച്ചുമാറ്റി. സിപിഎം ഏരിയ സെക്രട്ടറി കെ.സന്തോഷിന്‍റെ നേതൃത്വത്തിലാണ് സിപിഎം നേതാക്കൾ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിനിടെ പതാക അഴിച്ചുമാറ്റിയത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
മാന്തംകുണ്ടിൽ മുൻ ഏരിയ കമ്മിറ്റി അംഗം കോമത്ത് മുരളീധരനും 18 പാർട്ടി മെമ്പർമാരും ഉൾപ്പെടെ അമ്പതിലേറെ പേർ പാർട്ടി വിട്ട് സിപിഐയിൽ ചേർന്നിരുന്നു. തുടർന്നാണ് മാന്തംകുണ്ടിൽ സിപിഐ പൊതുയോഗം നടത്തി പതാക ഉയർത്തിയത്.
സിപിഐയുടെ കൊടി സ്ഥാപിച്ചത് സിപിഎമ്മിന്‍റെ സ്ഥലത്താണെന്നും അഴിച്ചു മാറ്റണമെന്നും നോർത്ത് ലോക്കൽ സെക്രട്ടറി സിപിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഐ അതിന് തയാറായില്ല. കൊടി ഉയർത്തിയ സ്ഥലം കോമത്ത് മുരളീധരന്‍റെ അനുകൂലികളായ വായനശാല ഭാരവാഹികളുടെ പേരിലാണെന്നായിരുന്നു സിപിഐയുടെ വാദം.
സിപിഎം ലോക്കൽ കമ്മിറ്റി വാങ്ങിയ ഈ സ്ഥലത്തെ അഞ്ച് സെന്‍റ് ലോക്കൽ കമ്മിറ്റിയുടെയും ബാക്കി വായനശാലയുടെയും പേരിലാണ്. അതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. ഞായറാഴ്ച നടന്ന വിശദീകരണ പൊതുയോഗത്തിൽ സിപിഎം ജില്ല സെക്രട്ടറി എം.വി ജയരാജൻ അടക്കമുള്ളവർ സിപിഐക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
Also Read: പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറുന്നു, ജനങ്ങള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക്