കണ്ണൂര്‍: സിപിഎമ്മിന്‍റെ 23ാമത് പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. സംഘടന റിപ്പോർട്ടിൻമേൽ നടന്ന ചർച്ചക്ക് പി.ബി അംഗം പ്രകാശ് കാരാട്ട് ഇന്ന് മറുപടി പറയും. തുടർന്ന് ജനറൽ സെക്രട്ടറിയേയും പി.ബി, സി.സി അംഗങ്ങളെയും തെരഞ്ഞെടുക്കും. വൈകിട്ട് നടക്കുന്ന വൻ റാലിയോടെ പാർട്ടി കോൺഗ്രസ് സമാപിക്കും.
കണ്ണൂരിൽ ചുവപ്പിന്‍റെ ആവേശക്കടലായി പടരുകയായിരുന്നു അഞ്ചു നാൾ നടന്ന പാർട്ടി കോൺഗ്രസ്. പാർട്ടിയുടെ കരുത്തിന്‍റെയും സംഘടനാശേഷിയുടെയും വിളംബരമാകുമിത്. ഉച്ചക്ക് മൂന്നിന് ബർണശേരി നായനാർ അക്കാദമിയിൽ നിന്ന് റെഡ് വളന്‍റിയര്‍ മാര്‍ച്ചിന്‍റെ അകമ്പടിയിൽ പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും പാർട്ടി കോൺഗ്രസ് പ്രതിനിധികളും പൊതുസമ്മേളന വേദിയായ എ.കെ.ജി നഗറിലേക്ക് നീങ്ങും.
ജില്ലയിലെ 25,000 റെഡ് വളന്‍റിയര്‍മാരില്‍ നിന്നും തെരഞ്ഞെടുത്ത 2000 പേരാണ് മാർച്ച് ചെയ്യുക. ഇതിൽ 1000 പേര്‍ വനിതകളാണ്. തുടർന്ന് പൊതുസമ്മേളനം നടക്കും. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രപ്പിള്ള, പിണറായി വിജയൻ, മണിക് സർകാർ, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്‌ണന്‍, എം.എ ബേബി എന്നിവർ ചടങ്ങില്‍ സംസാരിക്കും.
അഞ്ച് ദിവസം നീണ്ട് നിന്ന പാർട്ടി കോൺഗ്രസിൽ രണ്ട് രേഖകളാണ് ചർച്ച ചെയ്‌തത്. പാർട്ടിയുടെ തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കുന്ന രാഷ്ട്രീയ പ്രമേയവും സംഘടനയുടെ പോരായ്‌മകൾ വ്യക്തമാക്കുന്ന സംഘടനാ രാഷ്ട്രീയ റിപ്പോർട്ടും.
ബിജെപിക്കെതിരെ ബദൽ രൂപീകരിക്കാൻ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന പ്രമേയത്തിന് പാർട്ടി കോൺഗ്രസ് അംഗീകാരം നൽകിയിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളും പാർട്ടി കോൺഗ്രസിൽ ഉയർന്നിരുന്നു.