കണ്ണൂർ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയ കേസിലെ മുഖ്യപ്രതി അർജ്ജുൻ ആയങ്കി ഉപയോഗിച്ച കാറിന്‍റെ ഉടമ സി. സജേഷിനെതിരെ സിപിഎം നടപടി. സജേഷിനെ പാർട്ടിയിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍റ് ചെയ്‌തു. ചെമ്പിലോട് ലോക്കലിൽ കൊയ്യോട് മൊയാരം ബ്രാഞ്ചിൽ നിന്നാണ് സസ്പെന്‍റ് ചെയ്‌തത്. സാമൂഹ്യവിരുദ്ധ സംഘങ്ങളുമായി ബന്ധം പുലർത്തിയെന്ന പേരിലാണ് നടപടി.
നടപടി പാർട്ടിയുടെ യശസിന് കളങ്കം വരുത്തിയതിന്
അർജ്ജുൻ കള്ളക്കടത്തിന് ഉപയോഗിച്ച കാർ സജേഷിന്‍റേതാണെന്ന് നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വിഷയം വിവാദമായതോടെ പാർട്ടിയുടെ യശസിന് കളങ്കമേൽപ്പിച്ചുവെന്നതിനാൽ സജേഷിനെ സസ്‌പെന്‍റ് ചെയ്യുകയായിരുന്നു.
Read more: രാമനാട്ടുകരയിലെ വാഹനാപകടത്തില്‍ ദുരൂഹതയെന്ന് പൊലീസ്
അതേസമയം തന്‍റെ അനുവാദം കൂടാതെയാണ് അർജുൻ കാർ സ്വർണക്കടത്തിന് ഉപയോഗിച്ചതെന്നായിരുന്നു സജേഷ് പൊലീസിന് നൽകിയ വിവരം. എന്നാൽ അന്വേഷണത്തിൽ ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി.
ദുരൂഹത നിറഞ്ഞ രാമനാട്ടുകര വാഹനാപകടം
ജൂൺ 21ന് രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയടിച്ച് ഉണ്ടായ അപകടത്തിൽ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്.
Read more: കരിപ്പൂർ വിമാന സ്വർണകടത്ത്; അർജ്ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്
വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ അഞ്ച് യുവാക്കളും കരിപ്പൂരിൽ നിന്ന് മടങ്ങിയെത്തിയവരാണെന്നും കരിപ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്നതിന് പകരം ഇവർ എന്തിന് രാമനാട്ടുകരയിലെത്തി എന്നതും ചോദ്യചിഹ്നമായതോടെ പൊലീസ് സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി.
അന്വേഷണം സ്വർണക്കടത്തിലേക്ക്
അപകട സമയത്ത് ഈ കാറിനൊപ്പം ഉണ്ടായിരുന്ന ഇന്നോവ കാറിലെ ആറ് പേരെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് മരിച്ചവർക്ക് സ്വർണ്ണക്കടത്ത്, കുഴൽപ്പണ ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധങ്ങളുണ്ടെന്നും ഇന്നോവ കാറിലുണ്ടായിരുന്നവരും സ്വർണക്കടത്തിൽ പങ്കാളികളാണെന്നും പൊലീസ് കണ്ടെത്തി.
കവർച്ചയ്ക്കായി വാട്‌സ് ആപ്പ് ഗ്രൂപ്പ്
അതേദിവസം കരിപ്പൂരിൽ പൊലീസ് പിടികൂടിയത് കവരാന്‍ ശ്രമിച്ച സ്വർണമാണെന്നും രണ്ട് സംഘങ്ങൾ സ്വർണക്കടത്തിന് ശ്രമം നടത്തിയതാണ് അപകടത്തിൽ കലാശിച്ചതെന്നും പൊലീസ് നിഗമനത്തിലെത്തി. കൂടാതെ കവർച്ചയ്‌ക്കായി 'ടിഡിവൈ' എന്ന പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് നിർമിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്.
അന്വേഷണം അർജ്ജുൻ ആയങ്കിയിലേക്ക്
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വർണക്കടത്ത് സംഘത്തിലെ മുഖ്യ ആസൂത്രകനായ അഴീക്കൽ സ്വദേശി അർജ്ജുൻ ആയങ്കിയിലേക്ക് പൊലീസ് എത്തിച്ചേരുന്നത്. സിപിഎം പ്രവർത്തകനായിരുന്ന അർജ്ജുനെ മൂന്ന് വർഷം മുമ്പാണ് പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് നീക്കിയത്. അർജ്ജുൻ സ്വർണക്കടത്തിന് ഉപയോഗിച്ച ചുവന്ന സ്വിഫ്റ്റ് കാർ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
Read more: രാമനാട്ടുകര വാഹനാപകടം; അർജുൻ ആയങ്കിയുടെ കാർ ഒളിപ്പിച്ച നിലയിൽ
കാറിന്‍റെ ഉടമ സജേഷ് എന്ന് പൊലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് സജേഷിനെതിരെ പാർട്ടി നടപടി. അതേസമയം രാമനാട്ടുകര സ്വർണക്കടത്തിന് സിപിഎമ്മിന് പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.