കണ്ണൂര്‍: കണ്ണൂരിൽ ഒരാള്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 20ന് ദുബൈയില്‍ നിന്നെത്തിയ കോട്ടയം പൊയില്‍ സ്വദേശിക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം വിമാനത്താവളം വഴിയാണ് 19കാരനായ ഇദ്ദേഹം നാട്ടിലെത്തിയത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സ്രവ പരിശോധനയ്ക്ക് വിധേയനായ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതോടെ ജില്ലയില്‍ കൊവിഡ് 19ബാധിതരുടെ എണ്ണം 50 ആയി. ഇവരില്‍ മൂന്നു പേര്‍ തുടര്‍ പരിശോധനകളില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
ജില്ലയില്‍ ആകെ 10,301 പേരാണ് കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. 39 പേര്‍ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കൊളേജിലും 16 പേര്‍ ജില്ലാ ആശുപത്രിയിലും 18 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 27 പേര്‍ കൊവിഡ് ട്രീറ്റ്മെന്‍റ് സെന്‍ററിലും 10,201 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 475 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. ഇതില്‍ 366 എണ്ണം നെഗറ്റീവ് ആണ്. 62 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.