കണ്ണൂർ: മലയോര മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരമില്ല. വനമേഖലയോട് ചേർന്ന് കിടക്കുന്ന കൃഷിയിടങ്ങളിലെല്ലാം കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ചെറുപുഴ പഞ്ചായത്തിലെ കാനംവയലിലും ചേന്നാട്ടുകൊല്ലിയിലും കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു.
മുണ്ടറോട്ട് റേഞ്ചിൽപ്പെട്ട കർണാടക വനത്തിൽ നിന്നുമാണ് കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങുന്നത്. കുറെ ദിവസമായി വനാതിർത്തിയിൽ കാട്ടാനകളുണ്ടെങ്കിലും കഴിഞ്ഞ ദിവസം രാത്രിയിലാണ് വ്യാപകമായി കൃഷികൾ നശിപ്പിച്ചത്. കായംമാക്കൽ സണ്ണി, പള്ളിത്താഴത്ത് പൗലോസ് വാടാതുരുത്തേൽ ടോമി, കാവാലം ടോമി എന്നിവരുടെ കൃഷിയിടത്തിലാണ് കൂടുതൽ നാശമുണ്ടായത്.
തെങ്ങ്, വാഴ, കമുക് തുടങ്ങി കണ്ണിൽകണ്ടെതെല്ലാം കാട്ടാനകൾ നശിപ്പിച്ചു. ആറ് ആനകളുടെ കൂട്ടമാണ് ഞായറാഴ്‌ച കൃഷിയിടത്തിലിറങ്ങിയത്. ഇവയെ തുരത്താൻ ശ്രമിച്ചെങ്കിലും തിങ്കളാഴ്‌ച നേരം വെളുത്തതോടെയാണ് ഇവ മടങ്ങിയത്. കാട്ടാനയെപ്പേടിച്ച് വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത സ്ഥിതിയാണെന്ന് പ്രദേശത്തെ താമസക്കാർ പറയുന്നു.
പ്രദേശത്ത് വൈദ്യുത വേലിയുണ്ടെങ്കിലും സംരക്ഷിക്കാത്തതിനാൽ ഉപയോഗശൂന്യമാണ്. പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്‌സാണ്ടർ, സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ ജോയി, വനംവകുപ്പ് അധികൃതർ തുടങ്ങിയവർ പ്രദേശം സന്ദർശിച്ചു.