കണ്ണൂർ: കേരളത്തിൽ പിണറായിയും കേന്ദ്രത്തിൽ മോദിയും ജനാധിപത്യത്തെ ചവിട്ടിമെതിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. ഇവരുടെ ജനാധിപത്യ വിരുദ്ധതക്കുള്ള തിരിച്ചടിയാകും തദ്ദേശ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡൽഹിയിലെ കർഷക പ്രക്ഷോഭം ഇന്ത്യയുടെ മനസാക്ഷിയോടുള്ള ചോദ്യ ചിഹ്നമാണ്. കർഷകന്‍റെ വികാരം ഇന്ത്യ ഉൾക്കൊള്ളണം. കർഷകന്‍റെ അവകാശം സംരക്ഷിക്കണം. അവന്‍റെ ഉത്പന്നങ്ങൾ സർക്കാർ സംഭരിക്കണം. കേന്ദ്ര സർക്കാർ കർഷകനോടുള്ള സമീപനം മാറ്റണം. രാഷ്ട്രീയ പ്രാധാന്യമുളള തെരഞ്ഞെടുപ്പാണിത്.
മോദി എതിർശബ്ദങ്ങളെ ഇല്ലാതാക്കിയപ്പോൾ എതിർക്കുന്നവന്‍റെ വായടപ്പിക്കുന്ന നിയമ നിർമാണം നടത്തുകയാണ് പിണറായി വിജയൻ. പിണറായി സർക്കാരിന്‍റെ ഏത് പദ്ധതിയിലും ഒന്നുകിൽ സ്വജനപക്ഷപാതം അല്ലെങ്കിൽ അഴിമതി എന്ന സ്ഥിതിയാണ്. ശബരിമല വിധി വന്നപ്പോൾ അത് നടപ്പാക്കാൻ ബഹളം വെച്ചവർക്ക് വോട്ടിനായി അതിൽ നിന്നെല്ലാം ഒളിച്ചോടേണ്ടി വന്നെന്നും ഉമ്മൻചാണ്ടി പറഞ്ഞു.