കണ്ണൂർ : വടകരയിൽ അഞ്ച് കിലോ കഞ്ചാവ് പിടികൂടി. ആർപിഎഫും പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും വടകര എക്‌സൈസ് സർക്കിളും വടകര റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് രാവിലെ വടകര സ്റ്റേഷനിൽ എത്തിച്ചേർന്ന ചെന്നൈ - മംഗ്‌ളൂർ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്‍റെ ജനറൽ കംപാർട്ട്‌മെന്‍റിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
ബാഗിനുള്ളിൽ തുണികൾക്കിടയിൽ ഒളിപ്പിച്ചനിലയിൽ ആയിരുന്നു കഞ്ചാവ്. പരിശോധന ഭയന്ന് പ്രതി ബാഗ് ഉപേക്ഷിച്ചു കടന്നു കളഞ്ഞതായി സംശയിക്കുന്നു. ട്രെയിൻ വഴിയുള്ള കഞ്ചാവ് കടത്ത് തടയുന്നതിനായി പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് ആ൪പിഎഫ് എക്‌സൈസ് സംഘം അറിയിച്ചു. ആർപിഎഫ് എഎസ്ഐമാരായ സജു കെ, ബിനീഷ് പി പി, ഹെഡ് കോൺസ്റ്റബിൾ അജീഷ് ഒ. കെ, കോൺസ്റ്റബിൾ അബ്‌ദുൾ സത്താർ പി. പി, രാജീവൻ പി, എക്‌സൈസ് ഐ ബി യൂണിറ്റിലെ പ്രിവന്‍റീവ് ഓഫീസർ പ്രമോദ് പുളിക്കൽ, വടകര എക്‌സൈസ് സർക്കിളിലെ പ്രിവന്‍റീവ് ഓഫീസർ അബ്‌ദുൾ സമദ് കെ കെ, സി ഇ ഒമാരായ ജിജു കെ. എൻ, ഷിജിൻ എ പി. എന്നിവരടങ്ങിയ പ്രത്യേക സ൦ഘ൦ നടത്തിയ പരിശോധനയിലാണ് ഇന്ന് കഞ്ചാവ് പിടികൂടിയത്.
കഞ്ചാവ് വേട്ടയിൽ രണ്ട് പേർ പിടിയിൽ : വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി വസ്‌തുക്കൾ വിൽപന നടത്തിവന്ന സംഘത്തിലെ രണ്ട് പേരെ മാഹി പൊലീസ് അറസ്റ്റ് ചെയ്‌തു. പാറക്കൽ സ്വദേശി മുഹമ്മദ് സഫ്വാൻ (20), പുന്നോൽ സ്വദേശി വിശാൽ (33) എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സഫ്വാനെ 300 മി.ഗ്രാം എം ഡി എം എയുമായി മാഹി മൈതാനത്തിനടുത്തുവെച്ചാണ് പിടികൂടിയത്. വിശാലിന്‍റെ വീട്ടിൽ നിന്നാണ് 38 ഗ്രാം കഞ്ചാവ് പിടികൂടിയത്.
പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ടിന്‍റെ നിർദേശപ്രകാരം സിഐ ബി എം മനോജ്, എസ്ഐ പി. പ്രദീപ്, എഎസ്ഐമാരായ കിഷോർ കുമാർ, സുനിൽകുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ ശ്രീജേഷ്, വിനീഷ്, വനിത ഹോംഗാർഡ് ഡില്ലി എന്നിവരുൾപ്പെട്ട സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്.
225 ഗ്രാം പഞ്ചാവുമായി ക്യാമറാമാൻ പിടിയിൽ : കഴിഞ്ഞ മാസം 225 ഗ്രാം കഞ്ചാവുമായി സിനിമ അസിസ്‌റ്റന്‍റ് ക്യാമറമാൻ കോട്ടയത്ത് പിടിയിലായിരുന്നു. മുണ്ടക്കയം സ്വദേശി സുഹൈലാണ് പിടിയിലായത്. ഇയാളിൽ നിന്ന് കഞ്ചാവും ഇത് തൂക്കാനായി ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് ത്രാസും പിടികൂടിയിരുന്നു. കോളജ് വിദ്യാർഥികളടക്കം നിരവധി പേർ ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
also read : കഞ്ചാവുമായി സിനിമ കാമറാമാന്‍ എക്‌സൈസ് പിടിയില്‍; കണ്ടെടുത്തത് 225 ഗ്രാം കഞ്ചാവും ഇലക്‌ട്രോണിക് ത്രാസും
also read: ഒഡിഷയിൽ നിന്നും 221 കിലോഗ്രാം കഞ്ചാവ് കടത്തിയ സംഭവം; മുഖ്യസൂത്രധാരനടക്കം പിടിയിൽ