കണ്ണൂർ : കഴിഞ്ഞ സെപ്റ്റംബർ 18 നാണ് പെരുമ്പാടി ചെക്ക് പോസ്‌റ്റിനടുത്ത് ബാഗിൽ അഴുകിയ നിലയിൽ യുവതിയുടേത് എന്ന് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ഇരിട്ടി-വിരാജ്‌പേട്ട അന്തർ സംസ്ഥാനപാതയിൽ മാക്കൂട്ടം ചുരത്തിൽ ആണ് ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാഴ്‌ച പിന്നിട്ടിട്ടും മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ പ്രത്യേക അന്വേഷണ സംഘത്തിനായില്ല (Body found in trolley bag not yet identified).
അന്വേഷണത്തിന് കുടക് ജില്ലാ പോലീസ് മേധാവി രണ്ട് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു. വിരാജ്‌പേട്ട കേന്ദ്രീകരിച്ചും കേരളം കേന്ദ്രീകരിച്ചുമുള്ള അന്വേഷണത്തിന് ഒരു സംഘവും മൈസൂരുവും ഹസൻ ബെംഗളൂരു മേഖല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് മറ്റൊരു പ്രത്യേക സംഘത്തിനും രൂപം നൽകിയിരുന്നു. 25നും 35 നും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവതിയുടേതായിരുന്നു മൃതദേഹം. അന്വേഷണത്തിന്‍റെ ഭാഗമായി ഇതേ സമയത്ത് കേരളത്തിലും കർണാടകത്തിലും കാണാതായ യുവതികളുടെ വിവരങ്ങൾ അടക്കം ശേഖരിച്ചായിരുന്നു അന്വേഷണം.
അന്വേഷണം കേരളത്തിലേക്കും വ്യാപിച്ചതിന്‍റെ ഭാഗമായി കണ്ണൂരിലെ കണ്ണവം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ യുവതിയെ പറ്റിയും അന്വേഷണം നടത്തിയിരുന്നു. യുവതിയുടെ ബന്ധുക്കൾ മടിക്കേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി മൃതദേഹം പരിശോധിച്ചെങ്കിലും തിരിച്ചറിയാനായില്ല. ചില സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ കാണാതായ യുവതിയുടെ ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികളുമായി മുന്നോട്ടു പോയെങ്കിലും കാണാതായ യുവതിയെ കണ്ടെത്തിയതോടെ ഈ വഴിക്കുള്ള അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
പിന്നാലെ ഇരു അന്വേഷണ സംഘവും മൈസൂരുവും ബെംഗളൂരുവും കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതിനിടയിൽ തൃശൂരിൽ നിന്നും ഒന്നര മാസത്തിനിടയിൽ കാണാതായ 30 കാരിയെ ചുറ്റിപ്പറ്റിയും അന്വേഷണം ഊർജിതമാക്കി. സാഹചര്യ തെളിവുകളെല്ലാം ഒത്തുവരിക കൂടി ചെയ്‌തതോടെ ശാസ്ത്രീയ അന്വേഷണത്തിലേക്ക് കടന്നെങ്കിലും തൃശൂരിൽ നിന്നും കാണാതായ യുവതി കോയമ്പത്തൂരിൽ ഉണ്ടെന്ന വിവരം ലഭിച്ചതോടെ അതും അവസാനിപ്പിച്ചു.
ദിനംപ്രതി ആയിരത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന ചുരം പാതയിലാണ് മൃതദേഹം ഉപേക്ഷിച്ചത്. ചുരം പാത 16 കിലോമീറ്റർ പൂർണമായും വനമേഖലയാണ്. അതിനാൽ ശാസ്ത്രീയമായ മറ്റു തെളിവുകൾ ഒന്നും ശേഖരിക്കാൻ കഴിയാത്തതാണ് അന്വേഷണത്തെ വഴിമുട്ടിക്കുന്നത്. അന്തര്‍ സംസ്ഥാന പാതയായതിനാൽ സദാസമയവും വാഹനങ്ങളുടെ സാന്നിധ്യവും പൊലീസിനെ കുഴക്കുകയാണ്. അന്വേഷണം ശക്തമായി തുടരുന്നുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. മാണ്ഡ്യ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവർ.
മൃതദേഹം ട്രോളി ബാഗില്‍ കണ്ടെത്തി: ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ 18 നാണ് തലശേരി-കുടക് അന്തർ സംസ്ഥാന പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ അഴുകിയ നിലയില്‍ മൃതദേഹം ട്രോളി ബാഗില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാല് കഷണങ്ങളാക്കി ട്രോളിയില്‍ അടച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കിലോമീറ്റർ അപ്പുറത്ത് നിന്നാണ് ട്രോളി കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ വനംവകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ട്രോളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെടുത്തത്.
ALSO READ: ട്രോളി ബാഗില്‍ സ്‌ത്രീയുടെ ശരീരഭാഗങ്ങള്‍, ബാഗ് കണ്ടെത്തിയത് തലശേരി-കുടക് അന്തര്‍സംസ്ഥാനപാതയില്‍