കണ്ണൂർ: ബിഇഎം എൽ പി സ്‌കൂളിന്‍റെ ആഭിമുഖ്യത്തിൽ ലോക പൈതൃക വാരാരംഭത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച 'പഴമ-പെരുമ' ദൃശ്യ വിരുന്ന് ശ്രദ്ധേയമായി. പഴയകാല കേരളത്തനിമയുടെ പുനരാവിഷ്‌കരണം എന്നതിലുപരി മൺമറഞ്ഞു പോയ ഓർമകളിലേക്കുള്ള തിരിഞ്ഞു നോട്ടം കൂടിയായി പ്രദർശനനഗരി. മുമ്പ് മലയാള നാട്ടിൽ ഉപയോഗിച്ചിരുന്ന വസ്‌തുക്കളാൽ സമ്പന്നമായിരുന്നു പരിപാടി.
സ്‌കൂളിലെ ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ കുരുന്നുകളാണ് പ്രദർശന നഗരിയിലെ താരങ്ങളായത്. പണ്ട് കാലത്തെ കച്ചവട രീതികളും, ചന്തകളുടെ പ്രവർത്തന രീതിയും അതിന്‍റെ പഴമ ഒട്ടും തന്നെ ചോരാതെ ദൃശ്യാവിഷ്‌കരിക്കാൻ കുരുന്നുകൾക്ക് സാധിച്ചു. മുൻകാലങ്ങളിലെ വസ്ത്രധാരണ രീതികൾ ഇന്നത്തെ തലമുറയിലേക്ക് പകർന്നു നൽകാനും കുട്ടികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പ്രദർശന നഗരിയിലെ ഓരോ സ്റ്റാളും വ്യത്യസ്‌തങ്ങളായ ഓരോ കഥകളാണ് പ്രേക്ഷകർക്ക് പറഞ്ഞു നൽകിയത്. മത്സ്യക്കട, ചായക്കട, മുറുക്കാൻ പീടിക, നെയ്‌ത്തുശാല, പച്ചക്കറിച്ചന്ത എന്നിവ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു. പഴയ കേരള സമൂഹത്തിന്‍റെ ജീവിത രീതി, തൊഴിൽ, വസ്ത്രധാരണം തുടങ്ങിയവയും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
പഴയ കാലത്തെ പൊലീസ്, പാൽക്കാരൻ, പൂക്കാരി, മീൻകാരി, ബലൂൺ വിൽപ്പനക്കാരൻ എന്നിവയുടെ വേഷ വിധാനത്തോടെ എത്തിയ കുരുന്നുകൾ കാണികൾക്ക് കൗതുക കാഴ്‌ചയായി. ലോക പൈതൃക വാരാരംഭത്തിന്‍റെ ഭാഗമായി ഇത്തരമൊരു ദൃശ്യവിരുന്ന് സംഘടിപ്പിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് സ്‌കൂളിലെ അധ്യാപികയായ മെർലിൻ മാത്യു പറഞ്ഞു. കൂടാതെ, ഫോക്ക്‌ലാൻഡിന്‍റെ നേതൃത്വത്തിൽ പഴയകാല ഉപകരണങ്ങളുടെ പ്രദർശനവും നടന്നു.