കണ്ണൂർ: മോഷണ കേസിലെ പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പൊലീസുകാരൻ അരലക്ഷം രൂപയോളം തട്ടിയെടുത്ത കേസ് പരാതിക്കാർ പിൻവലിച്ചു. ഹൈക്കോടതിയിൽ പരാതി പിൻവലിച്ചതായും തുടർ നടപടികൾ വേണ്ടെന്നും കാണിച്ച് പരാതിക്കാർ അപ്പീൽ നൽകിയിരുന്നു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിപിഒ ചെറുതാഴം സ്വദേശി ഇ.എന്‍ ശ്രീകാന്തിനെതിരെയായിരുന്നു പരാതി ഉയർന്നിരുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം. മോഷണക്കേസിൽ അറസ്റ്റിലായ പുളിമ്പറമ്പ് സ്വദേശി ഗോകുലിന്‍റെ (26) സഹോദരിയുടെ എടിഎം കാര്‍ഡിന്‍റെ പിന്‍ നമ്പര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ശ്രീകാന്ത് രഹസ്യമായി ചോദിച്ച് മനസിലാക്കി അരലക്ഷം രൂപയോളം തട്ടിയെടുത്തെന്നായിരുന്നു കേസ്. പണം നഷ്ടപ്പെട്ടത് മനസിലാക്കിയ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്‌പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇയാളെ റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമ സസ്പെൻഡ് ചെയ്‌തിരുന്നു.
'പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള അച്ചടക്ക നടപടി നിലനിൽക്കും'
ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി.വി മനോജ് കുമാറിന്‍റെ നേതൃത്വത്തില്‍ കേസിൽ തുടരന്വേഷണം നടക്കുന്നതിനിടെയാണ് പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ച് പരാതി പിൻവലിച്ചത്. ശ്രീകാന്ത് തലശേരി കോടതിയിൽ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. തുടർന്നാണ് ഒത്തുതീർക്കൽ നടപടിയിലേക്ക് ഇവർ കടന്നത്. എന്നാൽ ശ്രീകാന്തിനെതിരെയുള്ള അച്ചടക്ക നടപടി നിലനിൽക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
READ MORE: എടിഎം തട്ടിപ്പ്; പൊലീസുകാരന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി