കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരിൽ സിപിഎം പ്രവർത്തകര്‍ക്ക് മര്‍ദ്ദനമേറ്റതായി പരാതി. വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂർ അക്രമിച്ചുവെന്നാണ് ആരോപണം. പരിക്കേറ്റ മൂന്ന് സിപിഎം പ്രവർത്തകരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകരായ ബി രഘുനാഥ്, പി വി അശ്വിൻ, വി അക്ഷയ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കീഴാറ്റൂരിൽ സി പി എം സ്ഥാനാർത്ഥി വിജയിച്ചിരുന്നു. അതിന്‍റെ ആഹ്ളാദ പ്രകടനം നടത്തുന്നതിന്‍റെ ഭാഗമായി വായനശാലക്ക് സമീപം സിപിഎം പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചിരുന്നു. ഈ സമയത്ത് വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരും മകൻ സഫ്ദറും ചേർന്ന് അക്രമിച്ചു എന്നാണ് പരാതി. ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിച്ചു എന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പരാതിയിൽ പറയുന്നത്.