ഇടുക്കി: നെടുങ്കണ്ടത്ത് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി ജെയിംസ് മാത്യു (സജി 56) ആണ് മരിച്ചത്. നെടുങ്കണ്ടം ചക്കക്കാനത്ത് പ്രവർത്തിക്കുന്ന വർക് ഷോപ്പിലെ ജീവനക്കാരനായിരുന്നു ജെയിംസ്.
കഴിഞ്ഞ രാത്രിയിലാണ് സംഭവം. ജെയിംസും വര്‍ക് ഷോപ് ഉടമ ലാലുവും വര്‍ക് ഷോപിന് സമീപത്തെ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ആത്‌മഹത്യക്ക് ശ്രമിച്ച ജെയിംസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ലാലുവിനും പരിക്കേറ്റിരുന്നു.
ബഹളം കേട്ടെത്തിയ സമീപവാസികളാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. നില ഗുരുതരമായിരുന്ന ജെയിംസിനെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ മരണത്തിന് കീഴടങ്ങി. ഏതാനും വര്‍ഷങ്ങളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്നു ജെയിംസ്.
ഇതിനിടെ ബന്ധുവായ ലാലുവിന്‍റെ വര്‍ക് ഷോപില്‍ പെയിന്‍റിങ് ജോലിക്കായി എത്തുകയായിരുന്നു. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപണമുണ്ട്. കെട്ടിടത്തിൽ താമസിച്ചിരുന്ന രണ്ട് അതിഥി തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്.