ഇടുക്കി: കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി മാങ്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബങ്ങള്‍. ആനക്കുളം, തൊണ്ണൂറ്റാറ്, കവിതക്കാട്, താളുംകണ്ടം മേഖലകളില്‍ കാട്ടാനകള്‍ വ്യാപക നാശമാണ് വരുത്തിയത്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ പ്രശ്‌നപരിഹാരമാവശ്യപ്പെട്ട് ജനകീയ സമരത്തിന് രൂപം നല്‍കാനാണ് കര്‍ഷകരുടെ തീരുമാനം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മാങ്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ കാട്ടാനകള്‍ സൈര്യവിഹാരം നടത്തുകയാണ്. ഇതിനോടകം നിരവധി കര്‍ഷകരുടെ ഏക്കറുകണക്കിന് കൃഷിയിടം കാട്ടനകള്‍ നാമാവശേഷമാക്കിയിട്ടുണ്ട്.
തൊണ്ണൂറ്റാറ് മേഖലയിലാണ് കാട്ടാന ശല്യം രൂക്ഷമായിട്ടുള്ളത്. കൃഷിനാശത്തിന് പുറമെ, പ്രദേശത്തെ കുട്ടികളും സ്ത്രീകളുമെല്ലാം ആക്രമണത്തിന്‍റെ ഭയത്തിലാണ്. ആനകളെ തുരത്താന്‍ രാപകല്‍ വ്യത്യാസമില്ലാതെ കര്‍ഷകരും ജാഗ്രതയോടെ ഉണര്‍ന്നിരിക്കുകയാണ്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ കിടപ്പാടം തന്നെ ഉപേക്ഷിച്ച് പോകേണ്ട സാഹചര്യമുണ്ടാകുമെന്നും കര്‍ഷകര്‍ പറയുന്നു. വനപാലകരെത്തി പകല്‍ ആനകളെ തുരത്തിയാലും രാത്രി കാലത്ത് വീണ്ടും ആനകള്‍ കാടിറങ്ങും. ആനകളുടെ ആക്രമണത്തില്‍ കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുള്ളത് ലക്ഷങ്ങളുടെ നഷ്ടമാണ്. രോക്ഷാകുലരായ പ്രദേശവാസികള്‍ സുരക്ഷ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വനപാലകരെ ജനവാസമേഖലയില്‍ തടഞ്ഞു വക്കുകയും ചെയ്‌തു. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ജനകീയ സമരത്തിന് രൂപം നല്‍കുമെന്നും കര്‍ഷകർ അറിയിച്ചു.