ഇടുക്കി: ആനയിറങ്കല്‍ പ്രദേശത്തെ റേഷൻ കടയ്‌ക്ക് നേരെ കാട്ടാനയുടെ ആക്രമണം. അരിക്കൊമ്പന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ആനയാണ് റേഷൻ കടയ്‌ക്ക് നേരെ തിരിഞ്ഞത്. തൊഴിലാളി ലയത്തിന് നേരെയും ആക്രമണമുണ്ടായി.
ഇന്ന് അര്‍ധരാത്രി ഒരു മണിക്കാണ് സംഭവം. വിതരണത്തിനായി എത്തിച്ച ആട്ട ആന ഭക്ഷിച്ചു. സമീപത്തെ ലയത്തിലെ രണ്ട് വീടുകളുടെ ഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചു. ആനയിറങ്കലിലെ റേഷൻ കടയ്‌ക്ക് നേരെ ഇത് ആറുമാസത്തിനിടെ മൂന്നാം തവണയാണ് അരിക്കൊമ്പന്‍റെ ആക്രമണം. പൂപ്പാറയില്‍ ഫെബ്രുവരി 15ന് ചക്കക്കൊമ്പന്‍ എന്നറിപ്പെടുന്ന കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു. ഈ സംഭവത്തില്‍ ആള്‍ത്താമസം ഇല്ലാത്ത വീട് ഭാഗികമായി തകർന്നു.
ഏതാനും ദിവസങ്ങൾ മുൻപുവരെ ഇവിടെ തൊഴിലാളികൾ കഴിഞ്ഞിരുന്നു. മേഖലയിലെ കാട്ടാന ആക്രമണം പരിഹരിക്കാന്‍ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും തുടര്‍നടപടിയില്ല. പന്നിയാറിലെ റേഷൻകടയ്‌ക്ക് ചുറ്റും സോളാർ ഫെൻസിങ് സ്ഥാപിച്ച് സംരക്ഷണം ഒരുക്കിയതുപോലെ, ആനയിറങ്കലിലും നടപടി ഉണ്ടാകുമെന്ന പ്രഖ്യാപനവും വാഗ്‌ദാനത്തിൽ മാത്രം ഒതുങ്ങിയെന്ന് പ്രദേശവാസികള്‍ പറയുന്നു.