ഇടുക്കി: മൂന്നാര്‍ ടൗണിലെ കാട്ടാന ശല്യത്തിന് അറുതി വരുത്താന്‍ നടപടി വേണമെന്ന് മുന്‍ എംഎല്‍എ എ.കെ മണി. മൂന്നാര്‍ ടൗണില്‍ കാട്ടനകള്‍ നിത്യസന്ദര്‍ശകരായ സാഹചര്യത്തിലാണ് ആവശ്യവുമായി എ.കെ മണി രംഗത്തെത്തിയത്. കൊവിഡ് ഭീതിയില്‍ മാന്ദ്യം നേരിടുന്ന മൂന്നാറിന് കാട്ടുമൃഗ ശല്യം ഇരട്ടി പ്രഹരം നല്‍കുമെന്നും എ.കെ മണി പറഞ്ഞു.
മുമ്പെങ്ങും ഇല്ലാത്ത വിധം കാട്ടനകള്‍ മൂന്നാര്‍ ടൗണിലെത്തുകയാണ്. മൂന്നാറിന്‍റെ സമീപമേഖലകളില്‍ കാട്ടാനശല്യം ഉണ്ടായിരുന്നെങ്കിലും കൊവിഡ് ഭീതിയെ തുടര്‍ന്നുണ്ടായ സമ്പൂര്‍ണ അടച്ചിടലിന്‍റെ കാലത്താണ് കാട്ടാനകള്‍ കൂടുതലായി മൂന്നാര്‍ ടൗണില്‍ എത്തിതുടങ്ങിയത്. ക്രമേണ പഴക്കടകള്‍ക്കും പച്ചക്കറികടകള്‍ക്കും നേരെ ആനകള്‍ ആക്രമണം തുടങ്ങി. സമാന രീതിയില്‍ കാട്ടനകള്‍ മൂന്നാര്‍ ടൗണില്‍ നിത്യ സന്ദര്‍ശകരായാല്‍ അത് മൂന്നാറിന്‍റെ സാധാരണ ജനജീവിതത്തെ ബാധിക്കും.