ഇടുക്കി : ഉപ്പുതറ അടക്കമുള്ള പ്രദേശങ്ങളിലെ തോട്ടം മേഖലകളിലാണ് കാട്ടുപന്നികൾ ഭീഷണി സൃഷ്‌ടിക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാതസം ഇല്ലാതെ ഇവ കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും എത്തും. പൂട്ടിപ്പോയ തേയില തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് കാട്ടുപന്നികൾ പെരുകുന്നത് (Wild boar and African snails become challenge to Idukki farmers).
ഈ മേഖലകളിൽ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള ജനങ്ങൾ അധിവസിക്കുന്നുണ്ട്. ജനവാസ മേഖലയിലേക്ക് എത്തുന്ന കാട്ടുപന്നികൾ മനുഷ്യജീവന് വലിയ ഭീഷണി ഉയർത്തുന്നു. ഉപ്പുതറ തവാരണയിൽ കഴിഞ്ഞ ദിവസം വയോധികക്ക് നേരെ കാട്ടുപന്നി ആക്രമണം ഉണ്ടായി (Idukki farmers crisis).
കാട്ടുപന്നികൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നത് നിത്യസംഭവം ആണ്. പൂട്ടിപോയ പീരുമേട് ടീ ഫാക്‌ടറിയും തേയില തോട്ടങ്ങളും കാടുപിടിച്ച് കിടക്കുകയാണ്. ഇത് കാട്ടുപന്നികൾ പെരുകുന്നതിന് കാരണമാകുന്നു. പഞ്ചായത്തും വനം വകുപ്പും ഇവയെ തുരത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
അതേസമയം കൃഷി ചെയ്‌ത് ഉപജീവന മാർഗം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് ചിന്നക്കനാൽ മുട്ടുകാട് നിവാസികൾ (Wild boar and African snails issues in Idukki). ആഫ്രിക്കൻ ഒച്ചുകൾ അമിതമായി പെരുകിയതാണ് മുട്ടുകാട്ടിലെ കർഷകർക്ക് ദുരിതമായിരിക്കുന്നത്. കാർഷിക വിളകൾ എല്ലാം ഒച്ചുകൾ തിന്ന് നശിപ്പിക്കുന്നതിനെ തുടർന്ന് ദുരിതത്തിലായിരിക്കുകയാണ് കർഷകർ.
പ്രതിരോധ മാർഗങ്ങൾ പൂണമായും ഫലപ്രദമാകാതെ വന്നതോടെ കാർഷിക മേഖലയിൽ നിന്നും പിൻവാങ്ങി മറ്റ് ജീവിത മാർഗങ്ങൾ തേടുകയാണ് ഇവര്‍. കഴിഞ്ഞ ഏഴ് വർഷക്കാലമായി അതിജീവനത്തിനായുള്ള നെട്ടോട്ടത്തിലാണ് ചിന്നക്കനാൽ, ബൈസൺവാലി, മുട്ടുകാട്, മേഖലയിലെ കർഷകർ. ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം ക്രമാതീതമായി വർധിച്ചതാണ് കർഷകരെ ദുരിതത്തിലാക്കിയത്.
വൻതോതിൽ പെറ്റുപെരുകിയ ഒച്ചുകൾ ഏലം, കുരുമുളക്, കാപ്പി, കോക്കോ, പച്ചക്കറികൾ എല്ലാം തിന്നു നശിപ്പിച്ചു. അതുകൊണ്ടു തന്നെ പുതിയ കൃഷികൾ ഇറക്കുന്നതിൽ നിന്നും കർഷകർ പൂർണമായും പിന്മാറിയിരിക്കുകയാണ്. കാർഷിക വിളകൾക്ക് വിലത്തകർച്ച നേരിടുന്ന സാഹചര്യത്തിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടി വർധിച്ചതോടെയാണ് ഈ ദുരിതം.
കഴിഞ്ഞ ഏഴ് വർഷമായി കർഷകർ ഇവയെ തുരത്താനുള്ള മാർഗങ്ങൾ തേടുകയാണ്. ഉപ്പ് ഉപയോഗിച്ച് ഇവയെ നശിപ്പിക്കാൻ സാധിക്കുമെകിലും കൃഷി ഭൂമിയിൽ ഉപ്പ് വിതറുക പ്രായോഗികമല്ല. ലക്ഷകണക്കിന് വരുന്ന ഒച്ചുകളെ ശേഖരിച്ച ശേഷം ഉപ്പ് വിതറി നശിപ്പിക്കുക എന്ന മാർഗമാണ് കർഷകർ സ്വികരിച്ചത്.
എന്നാൽ ഒച്ചുകളെ ശേഖരിക്കുന്നത് പല ശാരീരിക അസ്വസ്ഥതകൾക്കും കാരണമായതോടെ കർഷകർ ശ്രമം ഉപേക്ഷിച്ചു. ഇതോടെ ലക്ഷകണക്കിന് ആഫ്രിക്കൻ ഒച്ചുകളാണ് ഈ മേഖലയിൽ പെരുകിയത്. ചൂടുള്ള സമയങ്ങളിൽ മണ്ണിനടിയിൽ കഴിയുന്ന ഇവയെ പൂർണമായും തുടച്ചു നീക്കുന്നതിന് വർഷങ്ങൾ വേണ്ടി വരും. വീര്യം കൂടിയ കിടനാശിനികളോ മരുന്നുകളോ തളിച്ചിട്ടും ഇവയെ തുരത്താൻ സാധിച്ചില്ല.
തുടർന്ന് പലവിധ പരിക്ഷണങ്ങൾ നടത്തി. തുരിശും പുകയിലയും ചേർന്ന മിശ്രിതം ഫലപ്രദമാണ് എന്ന് ഏതാനും നാളുകൾക്കു മുൻപ് കർഷകർ കണ്ടെത്തിയിരുന്നു എന്നാൽ ഇവയുടെ അമിത വില കർഷകർക്ക് താങ്ങാനാകാത്തതും വലിയ പ്രതിസന്ധിയാണ്. പ്രാദേശിക ഭരണകൂടങ്ങൾ സബ്‌സിഡി നിരക്കിൽ തുരിശും പുകയിലയും ലഭ്യമാക്കിയാൽ ഈ പ്രതിസന്ധിയിൽ നിന്നും കരകയറാൻ സാധിക്കും എന്നാണ് കര്‍ഷകര്‍ പറയുന്നത്.