ഇടുക്കി: മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ ഏഴുമണി മുതലാണ് ഓറഞ്ച് മുന്നറിയിപ്പ്. ഒരടി കൂടി വെള്ളം ഉയര്‍ന്നാല്‍ അതീവ ജാഗ്രത മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിയ്ക്കും. തുടർന്ന് ജില്ല കലക്‌ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിടും.
ജാഗ്രത പാലിയ്ക്കണമെന്ന് ജില്ല ഭരണകൂടം
ഇടുക്കി ഡാമിന്‍റെ ജലനിരപ്പ് രാവിലെ 9 മണിയോടെ 2396.86 അടി ആയതോടെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. നിലവിൽ ജലനിരപ്പ് 2396.96 അടി പിന്നിട്ടു. സംഭരണശേഷിയുടെ 92.97% വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇന്നലെ രാത്രി ഡാമിന്‍റെ വൃഷ്‌ടിപ്രദേശങ്ങളിലുള്‍പ്പെടെ ശക്തമായ മഴ പെയ്‌തിരുന്നു. ഇതോടെയാണ് ജലനിരപ്പുയര്‍ന്നത്.
2403 അടിയാണ് ഡാമിന്‍റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 2397.86 അടി എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അപ്പർ റൂൾ കർവായ 2398.86 അടിയിൽ ജലനിരപ്പ് എത്തിയാലാണ് അണക്കെട്ടിന്‍റെ ഷട്ടർ തുറന്ന് ജലമൊഴുക്കേണ്ട സാഹചര്യമുണ്ടാവുക. ഓരോ അലർട്ടിനും മുന്‍പ് കൃത്യമായ മുന്നറിയിപ്പുകൾ അതത് മേഖലകളിലെ ജനങ്ങൾക്ക് നൽകുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്.
2018ലെ മഹാപ്രളയത്തിലാണ് ഇടുക്കി അണക്കെട്ട് അവസാനമായി തുറന്നത്.
Also read: കക്കി-ആനത്തോട് ഡാം രാവിലെ തുറക്കും; പമ്പ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം