ഇടുക്കി: ജില്ലയിൽ ആനയിറങ്കല്‍ ജലാശയത്തില്‍ മാലിന്യം തള്ളുന്നു. അറവ് മാലിന്യങ്ങളും കീടനാശിനികളുടെ കുപ്പികളും പ്ലാസ്റ്റിക്ക് വസ്‌തുക്കളും ഉൾപ്പെടെ വന്‍തോതിലാണ് ജലാശയത്തില്‍ മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്. തീരപ്രദേശത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയികുന്നത് ഈ ജലാശയത്തിലെ വെള്ളമാണ്. ഇത്തരത്തിലുള്ള ജലാശയത്തിലേക്കാണ് വൻ തോതിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്.
സമീപവാസികളായ പൊതു പ്രവര്‍ത്തകരടക്കം വീട്ടില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഇവിടെ തള്ളുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതർ തയ്യാറാകുന്നില്ല. സമീപത്തുള്ള തോട്ടം ഉടമകള്‍ കീടനാശിനികളുടെ കുപ്പികളും പ്ലാസ്റ്റിക്ക് കവറുകളും ജലാശയത്തില്‍ നിക്ഷേപിക്കുന്നതിനാല്‍ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നതും നിത്യ സംഭവമാണ്. മാലിന്യ നിക്ഷേപം രൂക്ഷമായതോടെ മത്സ്യ സമ്പത്തിലും വലിയ രീതിയില്‍ കുറവുണ്ടായിട്ടുണ്ട്.
പൊലീസിലടക്കം പരാതി പറഞ്ഞിട്ടും മാലിന്യ നിക്ഷേപം നടത്തുന്ന രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവർക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്ന തരത്തിലുള്ള മാലിന്യ നിക്ഷേപത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.