ഇടുക്കി: വാഗമണിൽ ഓഫ് റോഡ് റൈഡ് നടത്തിയതിന് നടനും നിര്‍മാതാവുമായ ജോജു ജോര്‍ജിനെതിരെ കടുത്ത നടപടിയിലേക്ക് കടക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ജോജുവിന് നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതിനാലാണ് നടപടി. കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് ഇടുക്കി ആര്‍ഡിഒ ആര്‍. രമണന്‍ അറിയിച്ചു.
വാഗമണ്ണിലെ ഓഫ് റോഡ് റെസില്‍ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് മെയ് 10നാണ് ഇടുക്കി ആർടിഒ ജോജു ജോർജിന് നോട്ടീസ് അയച്ചത്.
ഹാജരായില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും: ലൈസൻസും വാഹനത്തിന്‍റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിർദേശം. ഇതനുസരിച്ച് ചൊവ്വാഴ്‌ച ആർടിഒ ഓഫിസിൽ എത്തുമെന്ന് ഫോണിൽ അറിയിച്ചെങ്കിലും ഹാജരായില്ല. ഓഫിസില്‍ ഹാജരാകില്ലെന്ന കാര്യം അറിയിക്കാനും ജോജു തയ്യാറായില്ല.
ലൈസൻസ് റദ്ദാക്കുന്നതിന് മുൻപ് കേസിലുൾപ്പെട്ടയാൾക്ക് പറയാനുള്ളത് കേൾക്കണമെന്നാണ് നിയമം. പരിപാടി സംഘടിപ്പിച്ച നടൻ ബിനു പപ്പുവിനും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ബിനു പപ്പുവും എത്താത്തതിനെ തുടർന്നാണ് തുടർ നടപടികളിലേക്ക് കടക്കാൻ ആർടിഒ തീരുമാനിച്ചത്.
പരാതി നല്‍കി കെഎസ്‌യു: ആറുമാസം വരെ ലൈസൻസ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്‌തത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ ജില്ല കലക്‌ടറും മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ഇടുക്കി ജില്ല പ്രസിഡന്‍റ് ടോണി തോമസാണ് പരാതി നൽകിയത്.
ദൃശ്യങ്ങളിൽ നിന്നും തരിച്ചറിഞ്ഞ നടൻ ജോജു ജോർജ് ഉൾപ്പെടെ 17 പേരോടാണ് ഹാജരാകാൻ പോലീസ് നിർദേശിച്ചിരിക്കുന്നത്. അതേസമയം, വാഗമൺ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ അഞ്ചുപേർ സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുത്തിട്ടുണ്ട്.
Read more: വാഗമണ്‍ റേസ്: ജോജുവിനെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്, രേഖകളുമായി ഉടന്‍ ഹാജരാകണം