ഇടുക്കി: അശാസ്ത്രീയമായി നിർമ്മിച്ച സംരക്ഷണ ഭിത്തിക്കായി വീണ്ടും ഫണ്ട് അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്. മൂന്നാർ എഞ്ചിനീയറിംങ്ങ് കോളജിലേക്ക് പോകുന്ന ഇക്കാനഗറിന് സമീപത്തെ സംരക്ഷണ ഭിത്തി നിർമ്മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് 30 ലക്ഷം രൂപ വീണ്ടും അനുവദിച്ചിരിക്കുന്നത്. 2018ലെ പ്രളയത്തിൽ തകർന്ന സംരക്ഷണ ഭിത്തി പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് ഏഴര ലക്ഷംരൂപ അനുവധിച്ചിരുന്നു. 2019 ൽ നിർമാണം പൂർത്തിയാക്കുകയും ചെയ്‌തു. എന്നാൽ അശാസ്ത്രീയമായി നിർമിച്ച ഭിത്തി ശക്തമായ മഴയിൽ വീണ്ടും തകരുകയായിരുന്നു.
സംഭവത്തിൽ കരാറുകാരനെതിരെ നടപടികൾ സ്വീകരിക്കാതെ സംരക്ഷണ ഭിത്തിക്കായി വീണ്ടും ഫണ്ട് അനുവദിച്ചിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടും നിർമാണ ജോലികൾ ഇതേവരെ ആരംഭിച്ചിട്ടില്ല. രണ്ടു വാഹനം ഒരേ സമയം കടന്നു പോയിരുന്ന റോഡിലൂടെ ഇപ്പോൾ ഒരു വാഹനം കഷ്‌ടിച്ചാണ് പോകുന്നത്. മാത്രമല്ല സമീപത്തെ ഉറവകളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നത് കാൽനട യാത്രക്കും ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്.